
തൃശൂർ: വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'ജലസേചനം' എന്ന കവിത കഥകളിയായി അരങ്ങിലെത്തുന്നു. വൈലോപ്പിള്ളി സ്‌മൃതിദിനമായ 22ന് വൈകിട്ട് 6.30ന് വൈലോപ്പിള്ളി കവിതാപുരസ്‌കാര ദാനത്തോട് അനുബന്ധിച്ച് സാഹിത്യ അക്കാഡമിയിലാണ് ഒന്നേകാൽ മണിക്കൂർ അവതരണം.
തിരുവനന്തപുരം സംസ്‌കൃതി ഭവൻ, തൃശൂർ വൈലോപ്പിള്ളി സ്‌മാരകസമിതി, കലാമണ്ഡലം എന്നിവയാണ് സംഘാടകർ.
കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു, പുല്ലിന്റെ കാരിയമെന്തു ചൊൽവൂ എന്ന പ്രസിദ്ധമായ വരികൾ ജലസേചനത്തിലേതാണ്. പ്രധാന കഥാപാത്രമായ ബലരാമനെ, ഈയിടെ അന്തരിച്ച കലാമണ്ഡലം വാസു പിഷാരടി മൂന്ന് പതിറ്റാണ്ട് മുമ്പ് ഏകാഭിനയത്തിൽ അവതരിപ്പിച്ചിരുന്നു. കലാമണ്ഡലം ഹൈദരലിയായിരുന്നു അന്ന് വായ്‌പാട്ടിന് നേതൃത്വം നൽകിയത്. ഇക്കാര്യം വൈലോപ്പിള്ളിയുടെ മകൻ ഡോ. ടി. ശ്രീകുമാർ, സുഹൃത്ത് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാറിന്റെ ശ്രദ്ധയിൽ പെടുത്തിപ്പോഴാണ് പുനരാവിഷ്‌കരത്തിന് വേദിയൊരുങ്ങിയത്.
കടുത്ത വേനലിൽ പൊറുതിമുട്ടിയ ഗോപന്മാർ ബലരാമനോട് കെടുതികൾ വിശദീകരിക്കുന്നു. വഴി മാറിയൊഴുകാൻ അഭ്യർത്ഥിച്ചെങ്കിലും തയ്യാറാകാത്തതിൽ കുപിതനായ ബലരാമൻ കലപ്പ കൊണ്ട് കാളിന്ദിയെ വഴി തിരിച്ചു വിടുന്നതാണ് പ്രമേയം.
സംഭാഷണത്തിൽ കവിത
കവിതയിലെ വരികൾ ഉദ്ധരിച്ചുള്ളതാണ് സംഭാഷണം. കഥാസന്ദർഭവും ആശയവും വിവരിക്കുന്ന ശ്ലോകങ്ങൾ എഴുതിയത് ഡോ. ഇ.ജി. ജനാർദ്ദനൻ പോറ്റിയാണ്. കലാമണ്ഡലം രവികുമാർ സംവിധാനവും തുളസികുമാർ ആട്ടപ്രകാരവും നിർവഹിക്കും. കഥകളിയാക്കാനുള്ള ചെലവ് 30,000 രൂപ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വഹിക്കും. തൃശൂർ വൈലോപ്പിള്ളി സ്മാരകസമിതിയാണ് സംഘാടനം. അവതരണം: കലാമണ്ഡലം.
അരങ്ങിൽ ഇവർ
ബലഭദ്രൻ: രവികുമാർ, യാദവർ: ശിബി ചക്രവർത്തി, വിവേക്, ആരോമൽ. കാളിന്ദി (സ്ത്രീകഥാപാത്രം): വിപിൻ. പാട്ട്: വിനോദ്, വിശ്വാസ്, യശ്വന്ത്. ചെണ്ട: ഹരീഷ് മാരാർ. മദ്ദളം: ഹരിഹരൻ. ചുട്ടി: ശിവദാസൻ. അണിയറ: അരുൺ, രമേശൻ, സോഹൻ.
അച്ഛൻ മരിച്ച് അഞ്ചു കൊല്ലത്തിന് ശേഷം ജലസേചനം അവതരിപ്പിച്ചിരുന്നു. വീണ്ടും അരങ്ങിലെത്തുന്നതിൽ സന്തോഷം.
- ഡോ. ശ്രീകുമാർ (വൈലോപ്പിള്ളിയുടെ മകൻ)