തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഏർപ്പെടുത്തുന്ന നെല്ലുവായ് ധന്വന്തരി പുരസ്‌കാരത്തിന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യരെ തെരഞ്ഞെടുത്തു. ആയുർവേദരംഗത്തെ സമഗ്രസംഭാവനകൾ മാനിച്ചും നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിനോടുള്ള ജന്മാന്തരബന്ധത്തെ കണക്കിലെടുത്തും പ്രഥമ ധന്വന്തരി പുരസ്‌കാരത്തിന് മാധവൻകുട്ടി വാര്യരെ പുരസ്‌കാരസമിതി തെരഞ്ഞെടുക്കുകയായിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എൻ. ജ്യോതി, ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി (ആലപ്പുഴ) ഡോ. അരുൺ കൈമൾ എന്നിവരുടെ നേതൃത്വത്തിലുള്ള പുരസ്‌കാര നിർണയ സമിതിയാണ് പി. മാധവൻകുട്ടി വാര്യരെ തിരഞ്ഞെടുത്തത്. 31ന് നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി പി. രാജീവ് പുരസ്‌കാരം സമർപ്പിക്കും. 25001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.