arest-vishnu

കൊടകര: അർദ്ധരാത്രിയിൽ വീടിന്റെ മുൻ വാതിൽ തകർത്ത് അതിക്രമിച്ച് കയറി യുവാവിനെ നാലംഗ സംഘം പിടിച്ചുകൊണ്ടുപോയതായി ആരോപണം. വെള്ളിക്കുളങ്ങര കൊടുങ്ങ മഞ്ഞപ്പിള്ളി വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ മരിയയാണ് വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ഒന്നരയും മൂന്നും വയസായ കുട്ടികൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന വിഷ്ണു (26) വിനെയാണ് വ്യാഴാഴ്ച രാത്രിയിൽ ഒന്നരയ്ക്ക് വീടിന്റെ മുൻവാതിൽ ബലമായി തുറന്ന് അകത്തു കയറിയ നാലംഗ സംഘം കൊണ്ടുപോയത്. തുടർന്ന് വെള്ളിക്കുളങ്ങര പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥനാണ് വിഷ്ണുവിനെ കൊണ്ടുപോയതെന്ന് മനസിലായതെന്നും മരിയ ആരോപിച്ചു. വിഷ്ണുവിന്റെ പേരിൽ ഇതിന് മുമ്പ് കേസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരിയ പറഞ്ഞു. വിഷയത്തിൽ പൊലീസിനും റൂറൽ വനിതാ പൊലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകിയതായും മരിയ അറിയിച്ചു.
എന്നാൽ വിഷ്ണു വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിൽ അഞ്ച് ചന്ദന കടത്ത് കേസുകളിൽ പ്രതിയാണെന്നും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളാണെന്നും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജിബിൻ ജോസഫ് പറഞ്ഞു. 2022 ജനുവരി മാസത്തെ കേസുമായി ബന്ധപ്പെട്ടാണ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിനോട് നേരത്തെ രണ്ടു തവണ റേഞ്ച് ഓഫിസർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും ഇയാൾ വന്നില്ല. അതാണ് വീട്ടിൽ ഉണ്ടെന്നറിഞ്ഞ വിഷ്ണുവിനെ പാതിരാത്രിയിൽ പിടികൂടാൻ കാരണമെന്നും അല്ലെങ്കിൽ അയാൾ ഒളിവിൽ പോകാൻ സാദ്ധ്യത ഉണ്ടായിരുന്നുവെന്നും റേഞ്ച് ഓഫിസർ കൂട്ടിച്ചേർത്തു. വിഷ്ണുവിനെ മർദ്ദിച്ചിട്ടില്ലെന്നും റേഞ്ച് ഓഫിസർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ വിഷ്ണു നിലവിൽ റിമാൻഡിലാണ്.