വടക്കാഞ്ചേരി: പാർളിക്കാട് തച്ചനാത്ത്കാവ് ദേവി സന്നിധിയിൽ 23 മുതൽ ആരംഭിക്കുന്ന 21-ാമത് ഭാഗവതതത്ത്വസമീക്ഷാ സത്രവേദിയിൽ സ്ഥാപിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ച രഥത്തിൽ ഗുരുവായൂരിൽ നിന്നും 60 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പാർളിക്കാട് വെള്ളത്തിരുത്തി മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ എത്തിച്ചു. ദേവസ്വം ട്രസ്റ്റി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ഓഫീസർ പ്രശാന്ത്, മുൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കരുണാകരൻ, മുൻസിപ്പൽ കൗൺസിലർ ജോതി രവീന്ദ്രനാഥ്, സി.എം. മണികണ്ഠൻ വാരിയർ എന്നിവർ വിഗ്രഹത്തിൽ ഹാരാപ്പണം നടത്തി. സത്രം ഭാരവാഹികളായ പി.വി. നാരായണൻ, കെ.വി. ജയൻ മേനോൻ, എ.കെ. ഗോവിന്ദൻ, പി.എം. ഉണ്ണിക്കൃഷ്ണൻ, ഇ. ഉണ്ണിക്കൃഷ്ണൻ, കെ.വി. രാധാകൃഷ്ണൻ, സി.കെ. സുധീർ, സി.ജി. ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.