ചാലക്കുടി: അർഹതപ്പെട്ടവർക്ക് മിച്ചഭൂമി ലഭ്യമാക്കുന്നതിന് നിയമനിർമ്മാണങ്ങൾ കൊണ്ടുവരാൻ എൽ.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കിഴക്കെ ചാലക്കുടി ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ സ്മാർട്ട് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി ഒരു മിഷനും രൂപം നൽകും. മിക്ക ഭൂമികളും വിവിധ വകുപ്പുകളുടെ അധീനതയിലാണ്. ഇതുമൂലം ഇവയ്ക്ക് പട്ടയം നൽകൽ ഭഗീരഥ പ്രയത്‌നവുമാണ്. എങ്കിലും ഇതിനായി സർക്കാർ ഏതറ്റം വരെയും പോകും. സ്വന്തമായി മണ്ണില്ലാത്തവർക്ക് അതു നൽകലാണ് ലക്ഷ്യം. അദ്ദേഹം തുടർന്ന് പറഞ്ഞു. 2023ൽ സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇ- ജില്ലകളായി മാറും. അടിമുടി സ്മാർട്ടാകുന്ന ആദ്യത്തേതെന്ന സ്ഥാനം റവന്യൂവകുപ്പിന് സ്വന്തമാകും- മന്ത്രി വ്യക്തമാക്കി. വില്ലേജ് ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ജില്ലാ കളക്ടർ ഹരിത വി. കുമാർ, വാർഡ് കൗൺസിലർ റോസി ലാസർ, ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, ഇരിങ്ങാലക്കുട ആർ.ഡി.ഒ: എം.കെ. ഷാജി, വിവിധ കക്ഷി നേതാക്കളായ ജിൽ ആന്റണി, അനിൽ കദളിക്കാടൻ, വി.ഒ. പൈലപ്പൻ, മീരാസ വെട്ടുക്കൽ, കെ.ആർ. കിരൺ, പോൾ ടി. കുര്യൻ, സോജൻ വിതയത്തിൽ, അമ്പാടി ഉണ്ണിക്കൃഷ്ണൻ, വി.എ. പോൾ, തോമസ് തണ്ടിയേക്കൽ, സാബു സുൽത്താൻ എന്നിവർ പ്രസംഗിച്ചു.