1

ചേർപ്പ്: ആറാട്ടുപുഴയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ മൂന്നു പേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്. സന്തോഷപൂർവം വിവാഹച്ചടങ്ങിലേക്ക് പോകുന്നതിനിടെയാണ് മരണം ഒരു കുടുംബത്തിലെ മൂന്നു പേരെ തട്ടിയെടുത്തത്.

വിവാഹ ചടങ്ങുകൾ നടക്കുന്ന റിസോർട്ടിന്റെ 500 മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. തിരുവുള്ളക്കാവ് ക്ഷേത്രപരിസരത്ത് താമസിക്കുന്ന രാജേന്ദ്രബാബുവിന്റെ ബന്ധുവിന്റെ വിവാഹമായിരുന്നു നടന്നത്. ഇവരുടെ കാറിന് പിറകിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന മറ്റൊരു കാറും വന്നിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നു പേരെയും മരണം തട്ടിയെടുക്കുകയായിരുന്നു.

ദുരന്തവാർത്ത അറിഞ്ഞതോടെ വിവാഹ വേദി കണ്ണീരിലാഴ്ന്നു. സംഭവം അറിഞ്ഞയുടൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഏറെ പരിശ്രമിച്ചാണ് വെള്ളത്തിലകപ്പെട്ട കാർ വടംകെട്ടി വലിച്ച് കരയ്ക്ക് കയറ്റിയത്.

ദുരന്തം ഒഴിയാതെ മന്ദാരംകടവ്

ദുരന്തം ഒഴിയാതെ ആറാട്ടുപുഴ മന്ദാരംകടവ് . ഈ വർഷം ഇവിടെ കാൽ വഴുതി പുഴയിൽ വീണ മൂന്ന് വിദ്യാർത്ഥികളും ഇന്നലെ കാർ മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചതും അടക്കം ഇവിടെ പൊലിഞ്ഞത് ആറ് ജീവനുകൾ. കടവിന് ചുറ്റും സംരക്ഷണഭിത്തിയും കൽപടവുകളിലെ വഴുതലും അപകട ഭീഷണിയാകുന്നുണ്ട്.

കരുവന്നൂർ പുഴ ഒഴുകുന്ന പ്രദേശത്ത് വെള്ളം കൂടുതലുള്ളതും കെണിയാണ്. സമീപ വാസികളായ വയോധികരും വിദ്യാർത്ഥികളും അടങ്ങുന്നവർ വേണ്ടത്ര വീതിയില്ലാത്ത റോഡിലൂടെയും കുത്തനെയുള്ള കരിങ്കൽ ചവിട്ടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവർ ആറാട്ടുപുഴ റോഡിലേക്ക് കടക്കുന്നതും ഏറെ ദുരിതം അനുഭവിച്ചാണ്.

ദുരന്തങ്ങൾ പതിവായിട്ടും മന്ദാരംകടവിലും പ്രദേശത്തും സുരക്ഷ ഒരുക്കാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അമർഷമുണ്ട്. ആറാട്ടുപുഴയിൽ മൂന്നുപേർ മരിക്കാനിടയായ സംഭവം അധികൃതരുടെ അലംഭാവമാണെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ. ആറാട്ടുപുഴ ബണ്ട് റോഡിലൂടെ കരുവന്നൂർ ബംഗ്ലാവ് ഭാഗത്തേക്ക് പോകുന്നതിനായി നിരവധി ആളുകൾ യാത്ര ചെയ്യുന്ന കൊക്കിരിപ്പള്ളം ബണ്ട് റോഡ് വീതികൂട്ടി കൽക്കെട്ടുകൾ നിർമ്മിക്കണമെന്നാണ് ആവശ്യം.

ആറാട്ടുപുഴ പാലത്തിന് താഴെയുള്ള കൊക്കിരിപ്പള്ളം ബണ്ട് റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണം.

- ഞാറംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ,​ നാട്ടുകാരൻ