പാവറട്ടി: 2 കോടി രൂപയുടെ പ്രവൃത്തികൾ തുടങ്ങിയിട്ട് ഒരു വർഷമാകുമ്പോഴും എങ്ങുമെത്താതെ പറപ്പൂർ- കൈപ്പറമ്പ് പി.ഡബ്ല്യു.ഡി റോഡ് നിർമ്മാണം. പേന്നോർ ആയിരംകാവ് ക്ഷേത്രം മുതൽ പറപ്പൂർ സെന്റർവരെയുള്ള റോഡ് പണി എങ്ങും എത്തിയിട്ടില്ല. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. കാൽനട യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ വാഹനങ്ങൾക്കും ഏറെ യാത്രാക്ലേശമാണുണ്ടാകുന്നത്. തോളർ കരുവാൻമൂല ഭാഗത്ത് കുരിശ് പള്ളിക്ക് മുൻവശം 50 മീറ്ററോളം ഭാഗത്ത് കമ്പി ഇട്ട് കാന വാർത്തത് വെള്ളിയാഴ്ചയാണ്. ഇതുവരെ കോൺക്രീറ്റ് ചെയ്ത കാന നനച്ചിട്ടില്ലെന്ന് പാസഞ്ചേഴ്‌സ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് ആക്ഷൻ കൗൺസിൽ സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.