1
2022 ഡിസംബർ 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

ദേശീയപാതാ അധികൃതർക്ക് രൂക്ഷ വിമർശനം


തൃശൂർ: കുതിരാൻ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും മന്ത്രി കെ. രാജന്റെ അതിരൂക്ഷ വിമർശനം. സർവീസ് റോഡ് നികത്തി ചെരിവ് കൂട്ടണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം മന്ത്രി തള്ളി. സർവീസ് റോഡ് നിലനിറുത്തി പ്രശ്‌നം പരിഹരിക്കാനും അടിയന്തര നടപടിയുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.

ഒരു മാസത്തിനുള്ളിൽ തകർന്ന കൽകെട്ട് ബലപ്പെടുത്തി പൂർത്തിയാക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി. റോഡിലുണ്ടായ വിള്ളലിന് നാലാഴ്ചയ്ക്കുള്ളിൽ ശാസ്ത്രീയ പരിഹാരം കാണും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജൻ വിളിച്ചുചേർത്ത ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ദേശീയപാതാ അതോറിറ്റി പ്രൊജക്ട് ഡയറക്ടറും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം പരിശോധിച്ച ശേഷം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാർശ്വഭിത്തി നിർമാണത്തിൽ ഗുരുതര അപാകതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ദേശീയപാത അതോറിറ്റിയുടെ പ്രദേശത്തെ മേൽനോട്ട ചുമതലയുള്ള റെസിഡന്റ് എൻജിനിയർ രണ്ട് ദിവസത്തിലൊരിക്കലും സൈറ്റ് എൻജിനിയർ നാല് ദിവസത്തിലൊരിക്കലും സ്ഥലത്ത് നേരിട്ടെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തും.

കളക്ടർ നിർദേശിക്കുന്ന പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥസംഘം അഞ്ച് ദിവസത്തിലൊരിക്കൽ സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതിയും ഗുണനിലവാരവും വിലയിരുത്തി റിപ്പോർട്ട് നൽകും. കളക്ടർ ഹരിത വി. കുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനിയർ (റോഡ്‌സ്) എസ്. ഹരീഷ്, അസി. എക്‌സി. എൻജിനിയർ (പാലം) നിമേഷ് പുഷ്പൻ, എൻ.എച്ച്.എ.ഐ സൈറ്റ് എൻജിനിയർ അശ്വിൻ പി.വിജയൻ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


സർവീസ് റോഡ് ഉൾപ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയുള്ള ചെയ്ഞ്ച് ഓഫ് സ്‌കോപ്പ് ശുപാർശയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തും. ഇക്കാര്യത്തിൽ എം.പിമാരുടെ സഹകരണം തേടും.
- കെ. രാജൻ,​ റവന്യൂ മന്ത്രി

സർവീസ് റോഡ് നിലനിറുത്തി ഭിത്തി ബലപ്പെടുത്തണം. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ വേണം പ്രവൃത്തികൾ.
- ഹരിത വി. കുമാർ, കളക്ടർ

നിർദ്ദേശങ്ങൾ