asha1
ആശയും അച്ഛൻ സുരേഷ്കുമാറും- ഫോട്ടോ: അമൽ സുരേന്ദ്രൻ

തൃശൂർ: സംഗീതത്തിൽ വാസന പോരാ, മറ്റെന്തെങ്കിലും നോക്കൂ... എന്നു പറഞ്ഞ് മടക്കി അയച്ച കർണാടക സംഗീത വിദ്വാൻമാർ കേൾക്കേ, ഇടയ്ക്ക കൊട്ടി സോപാന സംഗീതത്തിൽ ചരിത്രം കുറിക്കുകയാണ് ഇരിങ്ങാലക്കുട പേഷ്‌കാർ റോഡ് 'രാജശ്രീ'യിൽ ആശ സുരേഷ്. സ്ത്രീകൾക്ക് നിഷിധമെന്ന് കരുതിയിരുന്ന സോപാനസഗീതം പാടാൻ ആശയ്ക്കായി പല ക്ഷേത്രങ്ങളും വാതിൽ തുറന്നുകൊടുത്തു.

മകളുടെ ഇടയ്ക്കയുടെ താളത്തിൽ പിതാവ് സുരേഷ് കുമാർ തൊട്ടടുത്തുള്ള കൂടൽമാണിക്യ സ്വാമിയെ (ഭരതൻ) സ്തുതിക്കുന്ന കീർത്തനം രചിച്ചത് ക്ഷേത്രത്തിലെ ഉത്സവവേദിയിൽ പാടാനും അവസരം കിട്ടി.

മർച്ചന്റ് നേവിയിൽ നിന്ന് വിരമിച്ച സുരേഷിന് കവിതകൾ കുറിക്കുന്ന ശീലമുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ല

പരമശിവനെയും മഹാഗണപതിയെയും സുബ്രഹ്മണ്യനെയും ശ്രീധർമ്മ ശാസ്താവിനെയും വാഴ്ത്തുന്ന സോപാന ഗീതികൾ മകൾക്കായി സുരേഷിന്റെ തൂലികയിൽ പിറന്നു. അതെല്ലാം

നൂറിലധികം ക്ഷേത്രങ്ങളിലാണ് പാടിയത്. ഇരുപത്തിയഞ്ചിലധികം ക്ഷേത്രങ്ങളുടെ സാേപാനത്തിൽ ആരാധനാ വേളകളിൽ പാടാൻ ഭാഗ്യം ലഭിച്ചു.

ഇരുപത്തിനാലു വയസുള്ള ആശ കഴിഞ്ഞ വർഷം ശ്രീനാരായണ ഗുരുവുമായി ബന്ധമുള്ള കായംകുളം വാരാണപ്പിള്ളി ശിവക്ഷേത്രത്തിലെ സോപാനത്തിലും പാടി.

അമേരിക്കയിലും ലണ്ടനിലുമുള്ള വിശ്വാസികൾ ഫേസ് ബുക്ക് ലൈവിലേക്കും ക്ഷണിച്ചു. നൂറ്റമ്പതിലേറെ പരിപാടികൾ അങ്ങനെയും അവതരിപ്പിച്ചു.

മൂന്നു വയസുള്ളപ്പോഴാണ് വാസനയില്ലെന്നു പറഞ്ഞ് കർണാടക സംഗീതജ്ഞർ തിരിച്ചയച്ചത്. അങ്ങനെ അക്ഷര ശ്ളോകത്തിലേക്ക് തിരിഞ്ഞു. ഇടയ്ക്കയിൽ അവസരം കൊടുത്തത് ഗുരു നന്ദകുമാർ മാരാറാണ്. ആറാം ക്ളാസിൽ പഠിക്കുമ്പോൾ, ഇരിങ്ങാലക്കുട വെള്ളാനല്ലൂർ ശിവക്ഷേത്ര സോപാനത്തിലായിരുന്നു അരങ്ങേറ്റം.

ഏഴാം ക്‌ളാസിൽ പഞ്ചാരിമേളം പഠിച്ച് അരങ്ങേറി.

സംസ്ഥാന യുവജനോത്സവത്തിൽ നാല് തവണ അക്ഷരശ്‌ളോകത്തിലും ഗുരുവായൂർ ദേവസ്വത്തിന്റെ നാരായണീയ പാരായണ മത്സരത്തിൽ ഒമ്പതുകൊല്ലവും ഒന്നാമതെത്തി.

ബിരുദാനന്തര ബിരുദത്തിനും ലൈബ്രറി സയൻസ് പഠനത്തിനും ശേഷം ബി.എഡിന് പഠിക്കുന്ന ആശ വീട്ടിൽ കുട്ടികളെ ഭഗവദ്ഗീതയും നാരായണീയവും പഠിപ്പിക്കുന്നുണ്ട്.

അമ്മ : രാജലക്ഷ്മി. സഹോദരൻ: അർജ്ജുൻ (ഫാർമസി ജീവനക്കാരൻ, ഇരിങ്ങാലക്കുട).

സോപാന സംഗീതം

സ്വന്തം ഈണത്തിൽ

കർണ്ണാടക സംഗീതം പഠിച്ചിട്ടില്ലാത്ത ആശ സ്വന്തം ശൈലിയിലാണ് സോപാന സംഗീതം പാടുന്നത്. ഞരളത്ത് രാമപ്പൊതുവാൾ പുരസ്‌കാരവും സ്ത്രീശക്തി പുരസ്‌കാരവും ഇരിങ്ങാലക്കുട കഥകളി ക്‌ളബിന്റെ ആദരവും ലഭിച്ചു. തൃശൂർ തിരുവമ്പാടി മേൽശാന്തി പ്രദീപ് നമ്പൂതിരിയുൾപ്പെടെ പലരുമെഴുതുന്ന കീർത്തനങ്ങൾ ഈണമിട്ട് പാടും.

`ബി.എഡ് പാസായെങ്കിലും താല്പര്യം സോപാന സംഗീതത്തിൽ ഉറച്ചുനിൽക്കാനാണ്. ആചാരം അനുവദിക്കുന്ന ക്ഷേത്രങ്ങളിൽ പാടണം.'

-ആശാ സുരേഷ്