തൃശൂർ: പട്ടാളം റോഡിൽ സ്ഥാപിച്ച ഇ.എം.എസ് സ്‌ക്വയറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. പൊതുസ്ഥലത്ത് പൊതുമുതൽ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേതാവിന്റെ പേരിൽ സ്‌ക്വയർ നിർമ്മിച്ചത് തെറ്റാണെന്ന ആരോപണമാണ് ആദ്യഘട്ടത്തിൽ ഉയർന്ന് കേട്ടത്. എന്നാലിപ്പോൾ ഇ.എം.എസ് സ്‌ക്വയറിന് പുറകുവശത്തെ സ്വകാര്യ വ്യക്തിക്ക് വഴി വിട്ടുകൊടുത്ത നടപടിയാണ് വിവാദത്തിന് തിരികൊളുത്തുന്നത്. ഇ.എം.എസ് സ്‌ക്വയറിനോട് ചേർന്ന് 5 മീറ്റർ വീതിയിൽ ഏകദേശം 3 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കും മറ്റൊരു കെട്ടിടത്തിനും വഴിയായി അനുവദിച്ചിട്ടുണ്ട്. ഇത് ചട്ടപ്രകാരമല്ലെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആക്ഷേപം. ഇപ്പോൾ സ്‌ക്വയർ വന്ന സ്ഥലം എത്രയോ വർഷങ്ങളായി അനാഥമായി കിടക്കുകയായിരുന്നുവെന്നും അത് പൊതുകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാണ് സ്‌ക്വയർ നിർമ്മിച്ചതെന്നുമാണ് ഭരണപക്ഷത്തിന്റെ മറുപടി. ഭരണപക്ഷത്തെ ഇകഴ്ത്തി കാട്ടാൻ വായിൽ തോന്നിയത്, കോതയ്ക്ക് പാട്ട് എന്ന മട്ടിൽ പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഭരണപക്ഷം ആണയിടുന്നു.
ഇടപാടിൽ വൻ അഴിമതി നടന്നുവെന്ന് ആരോപിച്ച് ഇന്നലെ സ്‌ക്വയറിന് സമീപത്തേക്ക് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പതാക കുത്തി വഴി അടയ്ക്കൽ സമരം നടത്തി. സമരം പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് സ്‌ക്വയറിന്റെ മറവിൽ നടത്തിയ ഭൂമി കൈമാറ്റം ലക്ഷങ്ങളുടെ അഴിമതിയാണെന്നും ഇ.എം.എസിന്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉപനേതാവ് ഇ.വി. സുനിൽരാജ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജെയിംസ്, പാർലമെന്ററി പാർട്ടി സെക്രട്ടറി കെ. രാമനാഥൻ, വിപ്പ് ജയപ്രകാശ് പൂവത്തിങ്കൽ, ജോ. സെക്രട്ടറി മുകേഷ് കൂളപ്പറമ്പിൽ, ട്രഷറർ ശ്യാമള മുരളീധരൻ, വിനേഷ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. സിന്ധു ആന്റോ ചാക്കോള, ലീല വർഗീസ്, സനോജ് പോൾ, നിമ്മി റപ്പായി, എബി വർഗീസ്, സുനിതാ വിനു, മേഴ്സി അജി, ആൻസി ജേക്കബ്, അഡ്വ. വില്ലി റെജി ജോയ് എന്നീ കൗൺസിലർമാർ നേതൃത്വം നൽകി.

കൗൺസിലും സർക്കാരും അറിയാതെ മേയറുടേയും കോർപറേഷൻ സി.പി.എം ഭരണനേതൃത്വത്തിന്റേയും മൗനസമ്മതത്തോടെയാണ് പുതിയ വഴി അനുവദിച്ചത്. ഇടപാടിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട്.
-രാജൻ ജെ.പല്ലൻ
(പ്രതിപക്ഷ നേതാവ്).

വഴി നൽകലെല്ലാം എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളാണ്. മുമ്പൊന്നും ആരും തന്നെ ഇതേപ്പറ്റി ആരോപണം ഉയർത്തിയിട്ടില്ല. ഇ.എം.എസ് സ്‌ക്വയർ തന്നെ ഏതാണ്ട് മൂന്ന് വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്. നിർമ്മാണം നടക്കുന്ന ഘട്ടത്തിലും ആരും തന്നെ ഈ ആരോപണം ഉയർത്തിയിട്ടില്ല.
-പി.കെ. ഷാജൻ
(ഭരണപക്ഷം)