gothuruth-palamപാലത്തിന്റെ സ്ഥല നിർണയത്തിനായി ചേർന്ന യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ സംസാരിക്കുന്നു.

ഗോതുരുത്ത് - കരൂപ്പടന്ന പാലം അതിർത്തി അടയാളപ്പെടുത്തൽ ആരംഭിച്ചു

കൊടുങ്ങല്ലൂർ: ഗോതുരുത്ത് - കരൂപ്പടന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലത്തിന്റ അതിർത്തികൾ അടയാളപ്പെടുത്തി തുടങ്ങി. 2017ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13.93 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയെ ചൊല്ലി ഈ ഭാഗത്തെ ജനങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ഇതായിരുന്നു പദ്ധതി വൈകാൻ കാരണമായത്. എന്നാൽ തീരദേശ ഹൈവേയ്ക്ക് നൽകുന്ന ഭൂമിയുടെ അതേ മതിപ്പ് വില നൽകാമെന്ന സർക്കാർ ഉറപ്പ് ഭൂവുടമകൾ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാലം നിർമ്മാണത്തിനുള്ള വഴി തുറന്നത്. എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, തഹസിൽദാർ എന്നിവരാണ് ഭൂമി ഉടമകളുമായി ചർച്ച നടത്തിയത്. ഇതിനെ തുടർന്നാണ് പാലത്തിന്റെ ആദ്യ ഘട്ടമായ അതിർത്തി നിർണയത്തിന് തുടക്കമായത്. എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജി, വാർഡ് മെമ്പർമാരായ രാജൻ, അജിത പ്രദീപ്, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ ലിനി ടി. സൂസൺ, എ.ഇ. ആശാമോൾ തുടങ്ങിയവർ പങ്കെടുത്തു.

പാലം വന്നാൽ ?

പാലം യാഥാർത്ഥ്യമാകുന്നതോടെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പ്രദേശത്തുള്ളവർക്ക് കൊടുങ്ങല്ലൂർ തൊടാതെ ഇരിങ്ങാലക്കുട, മാള എന്നിവിടങ്ങളിലേയ്ക്ക് എളുപ്പത്തിലെത്താനാകും. 131.68 മീറ്റർ നീളം വരുന്ന പാലത്തിന് 11.05 മീറ്റർ വീതിയുണ്ടാകും. 1.50 മീറ്ററിൽ ഫുഡ്പാത്തും നിർമ്മിക്കും. ഗോതുരുത്ത് ഭാഗത്ത് 380 മീറ്ററും കരൂപ്പടന്ന ഭാഗത്ത് 180 മീറ്ററും അപ്രോച്ച് റോഡുകളും അടങ്ങുന്നതാണ് ഗോതുത്ത് - കരൂപ്പടന്ന പാലം.

പാലത്തിനും അപ്രോച്ച് റോഡിനുമായുള്ള സ്ഥല നിർണയം കഴിഞ്ഞാൽ പബ്ലിക് ഹിയറിംഗ്, പരിസ്ഥിതി ആഘാത പഠനം, ടെൻഡർ തുടങ്ങിയ കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉദ്ദോഗസ്ഥരുടെയും സഹായത്തോടെ എത്രയും പെട്ടന്ന് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ