കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം പാലത്തിന്റെ ടെൻഡർ തുകയ്ക്ക് ഡിസംബർ 31നുള്ളിൽ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ടെൻഡർ റദ്ദാകുവാനുള്ള സാദ്ധ്യതയുള്ളതിനാൽ അടിയന്തര നടപടി വേണമെന്ന് പാലം സമര സമിതി ആവശ്യപ്പെട്ടു. 143 കോടി രൂപയ്ക്കുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയുടെ ടെൻഡറിന് ഡിസംബർ 31നുള്ളിൽ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി പാലം പണി നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് കഴിഞ്ഞ മാസമാണ് സർക്കാരിൽ അപേക്ഷ നൽകിയത്. ഫയൽ ഇപ്പോഴും തീരുമാനമാകാതെ ധനകാര്യ വകുപ്പിൽ കിടക്കുകയാണെന്ന് ഇതു സംബന്ധിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. സമയ പരിധിക്കുള്ളിൽ ഫിനാൻസിൽ നിന്നും അംഗീകാരം ലഭിക്കാതെ വന്നാൽ ടെൻഡർ റദ്ദാകാൻ സാദ്ധ്യതയേറെയാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് പാലം സമരസമിതി ആവശ്യപ്പെട്ടു. ചീഫ് കോ- ഓർഡിനേറ്റർ പി.എ. സീതി മാസ്റ്റർ അദ്ധ്യക്ഷനായി. കെ.എം. മുഹമ്മദുണ്ണി, കെ.ടി. സുബ്രമണ്യൻ, പി.വി. അഹമ്മദ്കുട്ടി, ഡോ. നസീർ, പി.പി. ചന്ദ്രൻ, ഇ.കെ. ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.