ch
ചേർപ്പ് പഞ്ചായത്ത് മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു.

ചേർപ്പ്: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ഹോട്ടൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടർന്ന് പെരിഞ്ചേരി ടേസ്റ്റി ഫുഡ് കോർണർ അടപ്പിച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കി. ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നീ സ്ഥാപനങ്ങളിൽ നിന്ന് മലിന ജലം പൊതുസ്ഥലത്തേയ്ക്ക് ഒഴുക്കിയതിനാൽ പഞ്ചായത്ത് രാജ്, ഹരിത നിയമം പ്രകാരം പിഴ ചുമത്തി. ഭക്ഷ്യ വസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ സൂക്ഷിക്കണമെന്നും, കാലാവധി കഴിയുന്ന തീയതി ലേബലിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും നിർദ്ദേശം നൽകി. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജെ. ആന്റോ, മുഹമ്മദ് മുജീബ്, എ.ഐ. പുഷ്പവല്ലി, ലൗലി, എസ്.പി. മണികണ്ഠൻ, കെ.എൽ. ആന്റോ എന്നിവർ നേതൃത്വം നൽകി.