kodi

തൃശൂർ: സ്‌കൂട്ടർ ഓടിക്കുന്നതിനിടെ കൊടിതോരണങ്ങളുടെ നൂൽ കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്ക്. അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ കുക്കു ദേവകിക്കാണ് അപകടമുണ്ടായത്. അയ്യന്തോളിൽ കോടതിയിലേക്ക് ജോലിക്കായി സ്‌കൂട്ടറിൽ വരുന്നതിനിടെയായിരുന്നു അപകടം.

അയ്യന്തോളിൽ റോഡരികിലും ഡിവൈഡറിന് മുകളിലുമായി കെട്ടിയിരുന്ന അരങ്ങുകളാണ് അപകടക്കെണിയായത്.
സ്‌കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും തെന്നി വീഴാതിരുന്നതും ഉടനെ നിറുത്താനുമായതിനാൽ മുറിവ് ആഴത്തിലേക്ക് പോയില്ല. പ്‌ളാസ്റ്റിക് വയറായിരുന്നു അരങ്ങിന്റെ നൂലായി ഉപയോഗിച്ചത്. സ്‌കൂട്ടറിന് വേഗം കൂടുതലുണ്ടായിരുന്നെങ്കിൽ കഴുത്തുമുറിഞ്ഞ് മരണത്തിനിടയാക്കുമായിരുന്നുവെന്ന് കുക്കു ദേവകി സമൂഹമാദ്ധ്യമ പേജിൽ പറഞ്ഞു.

തൃശൂരിൽ നടന്ന സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ അരങ്ങാണ് കാറ്റത്ത് പൊട്ടിവീണത്. പരിപാടി കഴിഞ്ഞാൽ അഴിച്ചു മാറ്റാത്തതും, അലസമായും അശ്രദ്ധയോടെയും അരങ്ങ് തോരണങ്ങൾ തൂക്കുകയും ചെയ്യുന്നത് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിരുന്നു.