ചേലക്കര: സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പൗരവിചാരണ ജാഥ മാറ്റിവച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബ്ലോക്ക് പ്രസിഡന്റ് ടി.എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് വാഹനജാഥ നടത്താനിരുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ജോസ് വള്ളൂർ ഇടപെട്ടാണ് ജാഥ മാറ്റിവയ്പ്പിച്ചത്. കിള്ളിമംഗലം സഹകരണ ബാങ്കിലെ ഒന്നര വർഷം മുമ്പ് നടന്ന നിയമനത്തെ സംബന്ധിച്ച് ചേലക്കര ബ്ലോക്ക് പ്രസിഡന്റ് ടി.എം. കൃഷ്ണനും പാഞ്ഞാൾ മണ്ഡലം പ്രസിഡന്റ് ടി.കെ. വാസുദേവനും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.