
തൃപ്രയാർ: വധശ്രമകേസിലെ അഞ്ച് പ്രതികൾക്ക് പന്ത്രണ്ടേകാൽ കൊല്ലം തടവും 35,000 രൂപ പിഴയും വിധിച്ചു. നാട്ടിക എ.കെ.ജി കോളനിയിൽ താമസിക്കുന്ന വട്ടേക്കാട് ഹിരൺ എന്ന ശംഭു (22), കാമ്പുറത്ത് അഖിൽ എന്ന മോട്ടോർ (22), വട്ടേക്കാട് അമൽ എന്ന ശുപ്പാരു (19), മണ്ണാപറമ്പിൽ സന്ദീപ് എന്ന കാർത്തു (22), കാളകൊടുവത്ത് സുജീഷ് എന്ന അക്കുടു (19) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി പന്ത്രണ്ടേ കാൽ വർഷം കഠിനതടവിനും 35,000 രൂപ പിഴ അടക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2016 ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് ഏഴോടെ നാട്ടിക എസ്.എൻ കോളേജ് ഗ്രൗണ്ടിൽ ഫുട്‌ബാൾ കളി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തളിക്കുളം കറുത്താര വീട്ടിൽ ജിഷ്ണു, എസ്.എൻ കോളേജിന് അടുത്ത് താമസിക്കുന്നവരായ ഇയ്യാനി ഞായക്കാട്ട് വീട്ടിൽ ഡിജിൻ, ഐരാട്ട്‌വീട്ടിൽ ജിനീഷ്, തണ്ടിയേക്കൽ അഭിജിത്ത് എന്നിവരെ പ്രതികൾ വാളുകളും ഇരുമ്പ് പൈപ്പുകളും ക്രിക്കറ്റ് സ്റ്റമ്പുകളുമായി ആക്രമിക്കുകയായിരുന്നു.
പ്രതികളുടെ ആക്രമണത്തിൽ ജിഷ്ണു, ഡിജിൽ, ജിനീഷ്, അഭിജിത്ത് എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലിലെയും കൈയ്യിലെയും എല്ലുകൾ പൊട്ടുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പ്രതികൾ എസ്.എൻ കോളേജ് പരിസരത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്നുണ്ടായ വിരോധംകൊണ്ടാണ് ആക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിഴസംഖ്യ പരിക്കുപറ്റിയവർക്ക് നൽകണമെന്ന് വിധിയിൽ പറയുന്നു. വലപ്പാട് പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ജെ. ടോണിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.