മാള: ജനിച്ചു വളർന്ന നാടും വീടും കാണാൻ യഹൂദനായ ഹയിം അഹ്രോണും കുടുംബാംഗങ്ങളും വീണ്ടും മാളയിലെത്തി. 1947ൽ എസ്റ്ററിന്റെയും മോശയുടെയും മകനായി ജനിച്ച ഹയിം അഹ്രോൺ ഇന്നത്തെ മാള പോസ്റ്റ് ഓഫീസ് മന്ദിരത്തിലാണ് താമസിച്ചിരുന്നത്.
1954ൽ ഏഴാമത്തെ വയസിലാണ് മാതാപിതാക്കളോടൊപ്പം ഇസ്രായേലിലേക്ക് കുടിയേറുന്നത്. പിന്നീട് പലതവണ മാളയിലെത്തുകയും സിനഗോഗും സെമിത്തേരിയും സന്ദർശിച്ച് മടങ്ങുകയും ചെയ്തിരുന്നു. 2019 ജനുവരിയിലാണ് ഒടുവിൽ മാളയിൽ വന്നുപോയത്. ഇക്കുറി ഭാര്യ നോഹയ്ക്ക് പുറമെ മൂന്നാം തലമുറയിൽപ്പെട്ട അഞ്ചു കുടുംബാംഗങ്ങൾ കൂടെയുണ്ടായിരുന്നു. 81 കാരനായ യിറ്റ് സാക്ക് ഫ്‌ളാൻസർ, ഭാര്യ ബെറ്റ്‌സി, മകൾ മാർഗിലിറ്റ്, മകളുടെ ഭർത്താവ് മെനാഹെ, അവരുടെ കുട്ടികളായ ഹലേൻ, അഹിനോം എന്നിവരാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. സിനഗോഗും സെമിത്തേരിയും സന്ദർശിച്ച ശേഷം പോസ്റ്റ് ഓഫീസിലെത്തി ജീവനക്കാരുമായി സൗഹൃദം പങ്കുവച്ചാണ് ഹയിം അഹ്രോൺ മടങ്ങിയത്.