പുതുക്കാട്: പൈനാടത്ത് ക്രഷർ ക്രമവത്കരിച്ചത് സംബന്ധിച്ച് 85 ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവും സത്യസന്ധവുമായ മറുപടി സൗജന്യമായി ലഭ്യമാക്കാൻ പുതുക്കാട് പഞ്ചായത്തിന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവ് നൽകി. ഈ വിഷയം സംബന്ധിച്ച് കമ്മിഷൻ ആസ്ഥാനത്ത് പ്രത്യേകമായി സിറ്റിംഗ് സംഘടിപ്പിക്കുകയും അപേക്ഷകനെയും പഞ്ചായത്ത് അധികൃതരെയും പ്രത്യേകം കേൾക്കുകയുമുണ്ടായി. കമ്മിഷൻ മുമ്പാകെ നടന്ന സിറ്റിംഗിൽ പല അന്വേഷണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസർക്ക് കഴിയുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പുതുക്കാട് പഞ്ചായത്ത് വീഴ്ചയൊന്നും വരുത്തുന്നില്ല എന്ന് ഉറപ്പുവരുത്താൻ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. ചെങ്ങാലൂർ സ്വദേശിയായ പി.എൻ. ഷിനോഷ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട ഒരു വിവരം പോലും ലഭ്യമാക്കാതെയാണ് വിവരാവകാശ ഓഫീസർ മറുപടി നൽകിയത്. ഒന്നാം അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് അപ്പീൽ അധികാരിയുടെ ഉത്തരവ്പ്രകാരം 85 ചോദ്യങ്ങൾക്കുള്ള മറുപടിയും 78 പേജ് രേഖകളും സൗജന്യമായി ലഭ്യമാക്കി. എന്നാൽ അതിൽ 37 വിവരങ്ങൾ തെറ്റായവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ മുമ്പാകെ രണ്ടാം അപ്പീൽ സമർപ്പിച്ചത്. തനിക്ക് തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നൽകുക വഴി വിവരാവകാശ നിയമത്തെയും തന്നെയും അവഹേളിക്കുകയാണെന്ന പരാതിക്കാരന്റെ ആക്ഷേപം ഉൾക്കൊണ്ടാണ് വ്യക്തവും കൃത്യവും സത്യസന്ധവുമായ മറുപടി നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.