 
അളഗപ്പ നഗർ: നെൽക്കൃഷിക്ക് കരിച്ചിൽ രോഗം ബാധിച്ച് നശിക്കുന്ന അളഗപ്പ നഗർ പഞ്ചായത്തിലെ കാവല്ലൂർ പാടശേഖരം കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം സന്ദർശിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ എം.ആർ. മായാദേവി, അശ്വതികൃഷ്ണ, കെ.കെ. അശ്വതി, അസിസ് ബെന്നി എന്നിവരാണ് പാടശേഖരം സന്ദർശിച്ചത്. രോഗം ബാധിച്ച നെൽച്ചെടിയുടെയും പടശേഖരത്തിലെ മണ്ണിന്റെയും സാമ്പിളുകൾ ഇവർ ശേഖരിച്ചു. പരിശോധനയ്ക്ക് ശേഷം മൂന്നോ നാലോ ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് അവർ അറിയിച്ചതെന്ന് കൊടകര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. സ്വപ്ന പറഞ്ഞു. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും വാങ്ങിയ മനുരത്‌ന വിത്താണ് ഇക്കുറി മുണ്ടകൻ കൃഷിക്കായി കർഷകർ വിതച്ചത്. 50 ഏക്കർ പടശേഖരത്തിൽ 28 കർഷകർ കൃഷി ചെയ്ത 14 ഏക്കറിലെ കൃഷിയും രോഗം മൂലം പൂർണമായി നശിച്ച നിലയിലാണ്. ശേഷിച്ച സ്ഥലത്തേക്കും രോഗം ബാധിക്കുകയാണ്. അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ, വൈസ് പ്രഡിഡന്റ് കെ. രാജേശ്വരി, കൊടകര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. സ്വപ്ന എന്നിവരും പടശേഖര സമിതി ഭാരവാഹികളും പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.