തിരുവില്വാമല: പാമ്പാടി ഐവർമഠം ശ്മശാനത്തിൽ കളിയാട്ടം നടത്തുന്നു. ഡിസംബർ 25ന് വൈകുന്നേരം 6 മുതൽ അർദ്ധരാത്രി വരെയാണ് ചുടലഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, ഭൈരവൻ തെയ്യം മുതലായവ അരങ്ങേറുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ തിരുവില്വാമല ഐവർമഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയാണ് കളിയാട്ടം സംഘടിപ്പിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന കളിയാട്ട ഉത്സവ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അദ്ധ്യക്ഷത വഹിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുരേഷ്, ആശാദേവി, തിരുവില്വാമല പഞ്ചായത്ത് അംഗങ്ങൾ ആയ വിനി ഉണ്ണിക്കൃഷ്ണൻ, കെ.പി. ഉമാശങ്കർ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ ഇരിട്ടി സ്വദേശിയായ അനീഷ് പെരുമലയന്റെ നേതൃത്വത്തിലാണ് കളിയാട്ടം അരങ്ങേറുന്നതെന്നും ഐവർമഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതി ഭാരവാഹികളായ കെ. ശശികുമാർ രമേഷ് കോരപ്പത്ത്, എ.വി. ശശി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.