park-

തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്തവർഷം മദ്ധ്യത്തോടെ പ്രവർത്തന സജ്ജമാവും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പാർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി വിദേശ മൃഗശാലകളിൽ നിന്ന് പക്ഷി മൃഗാദികളെ കൊണ്ടുവരും. നിയമക്കുരുക്കുകൾ പരിഹരിക്കാൻ ഇക്കാര്യം കൈകാര്യം ചെയ്ത് പരിചയമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സേവനം ഉപയോഗിക്കും. ഇതിനായി താല്പര്യ പത്രം അന്താരാഷ്ട്ര തലത്തിൽ ക്ഷണിക്കാനും ഉന്നതാധികാര സമിതി തീരുമാനിച്ചു. വനംമന്ത്രി എ.കെ ശശീന്ദ്രൻ, റവന്യൂമന്ത്രി കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്ക് മാറ്റുന്നതും മറ്റിടങ്ങളിൽ നിന്നുമുള്ള മൃഗങ്ങളെ പുത്തൂർ പാർക്കിലേക്ക് കൊണ്ടുവരുന്നതും അടക്കമുള്ള നടപടികൾ വേഗത്തിലാക്കി. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസായി പ്രദർശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പ്രധാന ആകർഷണീയത. ഇവയിൽ മൂന്നെണ്ണം വിവിധയിനം പക്ഷികൾക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. വെറ്ററിനറി ആശുപത്രി സമുച്ചയം, മൃഗങ്ങൾക്കുള്ള ഭക്ഷണ കേന്ദ്രം എന്നിവയുമുണ്ട്. തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റിസർച്ച് സെന്റർ എന്ന പുത്തൂരിലെ മൃഗശാല പീച്ചി ഡാമിനോട് ചേർന്നുള്ള വനമേഖലയിലാണുള്ളത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുണ്ടായിരുന്ന മൃഗശാല ഇപ്പോൾ വനം വന്യജീവി വകുപ്പാണ് നിയന്ത്രിക്കുന്നത്.

90 % പൂർത്തിയായവ

മൃഗങ്ങളെ വീക്ഷിക്കാനുള്ള സന്ദർശക ഗാലറി
റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ
സർവീസ് റോഡുകൾ
ട്രാം റോഡുകൾ, സ്റ്റേഷനുകൾ
സന്ദർശക പാതകൾ
കഫ്റ്റീരിയ
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം
ക്വാർട്ടേഴ്‌സുകൾ
ടോയ്‌ലറ്റ് ബ്ലോക്ക്

സവിശേഷതകൾ

ഓസ്‌ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല
ഏഷ്യയിലെ വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്

വിസ്തൃതി: 350 ഏക്കർ
ചെലവ്: 300 കോടി
മൃഗങ്ങളുടെ വാസസ്ഥലങ്ങൾ: 23
മൃഗശാലയിലുള്ളത് 511 ജീവികൾ

നിർമ്മാണം മൂന്ന് ഘട്ടങ്ങളിലായാണ് പുരോഗമിക്കുന്നത്. 2023ൽ നിർമ്മാണം പൂർത്തീകരിച്ച് പാർക്ക് തുറന്ന് കൊടുക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്ക് വരുന്നതോടെ പുത്തൂരിന്റെ മുഖച്ഛായ മാറും.

അഡ്വ.കെ.രാജൻ
റവന്യൂമന്ത്രി.