തൃപ്രയാർ: കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മയുടെ പതിനഞ്ചാം വാർഷികവും ഗുരുദേവ മാഹാത്മ്യം കഥകളിയുടെ പത്താം വാർഷികവും ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. . നാട്ടിക ശ്രീനാരായണ ഹാളിൽ രാവിലെ 9ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് പീശപ്പിള്ളി രാജീവന്റെ നേതൃത്വത്തിൽ കഥകളി ചൊല്ലിയാട്ടം, കലി-പുഷ്ക്കരൻ, കേശിനി മൊഴി എന്നീ കഥാഭാഗങ്ങളുടെ അവതരണം എന്നിവ നടക്കും. 11ന് ഗുരുദേവ മാഹാത്മ്യം കഥകളിയിലെ പദം ഉൾപ്പെടുത്തി കൈക്കൊട്ടിക്കളി. ഉച്ചയ്ക്ക് 2ന് പൊതുയോഗവും ഗുരുദശകം പുരസ്കാര സമർപ്പണവും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപി, ഡോ.രാജേഷ് കുമാർ പി, കലാമണ്ഡലം ഗണേശൻ തുടങ്ങിയവർ പങ്കെടുക്കും. ഗുരുദേവ മാഹാത്മ്യം കഥകളിക്കും മുമ്പും പിമ്പും പ്രബന്ധം കലാമണ്ഡലം ഷിജുകുമാർ അവതരിപ്പിക്കും. വൈകീട്ട് മൂന്നിന് ഗിന്നസ് റെക്കാഡ് ജേതാവ് കലാമണ്ഡലം ധനുഷാ സന്യാലിന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം അവതരണം. തുടർന്ന് കേരളകലാമണ്ഡലം ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിക്കും. കളിമണ്ഡലം ചെയർമാൻ സദു എങ്ങൂർ, സെക്രട്ടറി കവി കെ.ദിനേശ് രാജ, കെ.ആർ മധു, ബീന സദാനന്ദൻ എന്നിവർ പങ്കെടുത്തു.