തൃശൂർ: ക്രിസ്മസ് - നവവത്സര ആഘോഷരാവുകൾക്ക് സ്വാഗതമോതി, കോർപറേഷനും, ചേംബർ ഓഫ് കോമേഴ്‌സും നേതൃത്വം നൽകുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ. ഫെസ്റ്റിവലിന്റെ ഭാഗമായി നഗരം മുഴുവൻ വൈദ്യുത ദീപാലങ്കരങ്ങളാൽ അലംകൃതമാണ്. നാല് സ്ഥിരം വേദികളിലായി എല്ലാ ദിവസവും കലാപരിപാടികൾക്ക് പുറമേ, വഞ്ചിക്കുളത്ത് ബോട്ട് യാത്ര, പാലസ് റോഡിലെ ക്രാഫ്റ്റ് ആർട്ട്, മോട്ടോർ റേസ്, സംഗീതനിശ, ഫുഡ് ഫെസ്റ്റ്, അന്തർദ്ദേശീയ പ്രദർശനം, ഫാഷൻ വീക്ക്, സ്‌കേറ്റിംഗ്, മോട്ടോർ ഷോ തുടങ്ങി ഒട്ടനവധി പരിപാടികളും നടക്കും.
തേക്കിൻകാട് മൈതാനം, പടിഞ്ഞാറെ കോട്ട, കിഴക്കേ കോട്ട, വഞ്ചിക്കുളം എന്നിവിടങ്ങളിലെ സ്ഥിരം വേദികളിലാണ് കലാപരിപാടികൾ അരങ്ങേറുക. 22 മുതൽ ജനുവരി 15 വരെ വൈദ്യുതിയലങ്കാരം കൊണ്ട് രാത്രികളിൽ നഗരം പ്രഭാമയമാകും. വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റ്, സ്വകാര്യതാമസ സമുച്ചയങ്ങൾ ഉൾപ്പെടെ പങ്കാളികളാണ്. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രാത്രി 12 മണി വരെ കടകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സുരക്ഷ കർശനമാക്കും
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെയും ആഘോഷങ്ങളുടെയും ഭാഗമായി നഗരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. പരിപാടികൾ തീരുംവരെ ദിവസവും നൂറോളം പൊലീസുകാർ രാത്രികാല ഡ്യൂട്ടിക്ക് ഉണ്ടായിരിക്കുമെന്ന് എ.സി.പി കെ.കെ.സജീവൻ പറഞ്ഞു. വനിതാ പൊലീസിന്റെ സാന്നിദ്ധ്യവുമുണ്ടാകും. ഇതിന് പുറമേ പട്രോളിംഗുമുണ്ടാകും.
ക്രിസ്മസ് വിപണി സജീവം
ക്രിസ്മസ് രാവുകൾക്ക് എൽ.ഇ.ഡി വസന്തത്തിന്റെ മാസ്മരികത. സാന്താക്ലോസിന്റെ വേഷം, ക്രിസ്മസ് ട്രീ, ബലൂണുകൾ, ക്രിസ്മസ് ബെൽ, പുൽക്കൂടുകൾ, രൂപങ്ങൾ, മറ്റ് അലങ്കാരങ്ങൾ തുടങ്ങിയവ വാങ്ങാനുള്ള തിരക്കേറി. രുചിക്കൂട്ടുകളുടെ രഹസ്യയറ തുറന്ന് കേക്കു വിപണിയും സജീവം. മിന്നിമറയുന്ന ലൈറ്റുകളിൽ തന്നെ നിരവധി വെറൈറ്റികളുണ്ട്. നൂറ് മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങളുണ്ട്. പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ പത്ത് രൂപ മുതൽ ലഭ്യമാണ്. എൽ.ഇ.ഡിക്ക് 200 മുതൽ 1000 രൂപ വരെ.
എൽ.ഇ.ഡി മാല ബൾബുകൾ 150 രൂപ മുതൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം എത്തിക്കഴിഞ്ഞു. വസ്ത്രങ്ങൾക്ക് 200 രൂപ മുതലാണ് വില. പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പടെയുള്ള ഒരു സെറ്റ് പ്രതിമകൾ 200 രൂപ മുതൽ ലഭ്യമാണ്. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടും വിപണിയിലുണ്ട്. ചൂരൽ കൊണ്ടുള്ള പുൽക്കൂട് 700 രൂപ മുതൽ ലഭ്യമാണ്. തടി കൊണ്ടുള്ള പുൽക്കൂടിന് 500 രൂപ മുതലാണ് വില. രണ്ട് അടി മുതൽ പത്തടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകളും വിൽപനയ്ക്കുണ്ട്.