തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ സ്വർഗവാതിൽ ഏകാദശിയുടെ ഭാഗമായുള്ള സംഗീതോത്സവത്തിന് തുടക്കമാകും. വൈകിട്ട് 4.30ന് ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യും. നാളെ മുതൽ ജനുവരി 1 വരെ, രാവിലെ 6 മുതൽ 8 മണി വരെ കച്ചേരികൾ നടക്കും. നാനൂറിലേറെ സംഗീത വിദ്യാർത്ഥികൾ ഇക്കൊല്ലം ആരാധനയിൽ പങ്കെടുക്കും. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ നൂറ്റമ്പതോളം പാട്ടുകാരും ഉപകരണവാദകരും കച്ചേരികൾക്കെത്തും. ജനുവരി 1 ന് പഞ്ചരത്‌നകീർത്തനാലാപം അരങ്ങേറും. ഉദ്ഘാടന ദിവസമായ ഇന്ന് വൈകുന്നേരം 4.40ന് യദുകൃഷ്ണൻ പെരാങ്ങല്ലൂരിന്റെ പുല്ലാങ്കുഴൽ കച്ചേരിയും 6.30ന് സുധ രഞ്ജിത്തിന്റെ സംഗീത കച്ചേരിയും നടക്കും. വയലിൻ വിദുഷി സുനിത ഹരിശങ്കറിനും പുല്ലാങ്കുഴൽ വിദ്വാൻ മൈസൂർ ചന്ദൻ കുമാറിനും സംഗീതോത്സവത്തോടനുബന്ധിച്ചുള്ള സംഗീത തിലകം പുരസ്‌കാരം യഥാക്രമം 25 നും 30 നും വൈകുന്നേരം 6.30ന് ശേഷമുള്ള പ്രധാന കച്ചേരിക്ക് ശേഷം സമ്മാനിക്കും. ജനുവരി രണ്ടിനാണ് സ്വർഗവാതിൽ ഏകാദശി.