വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള അഖിലേന്ത്യാ പൂരം പ്രദർശനം ഈ വർഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ നഗരസഭ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനമായി. വാഴാനി റോഡിനു സമീപമുള്ള പഴയ മരക്കമ്പനി സ്ഥിതി ചെയ്തിരുന്ന ഭൂമിയിലാണ് പ്രദർശനം സംഘടിപ്പിക്കുക. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉത്രാളിക്കാവ് പൂരത്തിന് ടൂറിസം വകുപ്പിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുന്നതിനു വേണ്ടി പ്രവർത്തിച്ച സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയെ ആദരിച്ചു. പൂരം ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ, പൂരത്തിന്റെ മുഖ്യ പങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ എന്നീ ദേശക്കമ്മിറ്റി പ്രതിനിധികൾ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കെ. അജിത് കുമാർ, എ.കെ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഉത്രാളിക്കാവ് പൂരകമ്മിറ്റി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.