ആമ്പല്ലൂർ: വയോധികനെ തെരുവുനായ കടിച്ചു. റിട്ടയേർഡ് റെയിൽവേ എൻജിനിയർ പുതുക്കാട് തൊറവ് കല്ലുംപുറം കൊച്ചുരാമനെ(76)യാണ് തെരുവുനായ ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ അളഗപ്പ നഗർ പഞ്ചായത്ത് സ്‌കൂളിന് സമീപമായിരുന്നു സംഭവം. വൈകിട്ട് നടക്കാനിറങ്ങിയ കൊച്ചുരാമനെ ഓടിവന്ന നായ കടിക്കുകയായിരുന്നു. കാലിന് കടിയേറ്റ ഇദ്ദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.