പുതുക്കാട് : പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാർഷികം നിറവ് 2022 എന്ന പേരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നന്തിക്കര കലാഭവൻമണി നഗറിൽ നടക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് വൈകിട്ട് 4.30ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും.
വികസനക്ഷേമ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും ജനകീയ ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫും ഡിസംബർ 30ന് ഉച്ചയ്ക്ക് 2.30ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ് എന്നിവർ മുഖ്യാതിഥികളാവും. വാർത്താസമ്മേളനത്തിൽ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്, ഇ.കെ. അനൂപ്, വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, അംഗങ്ങളായ കെ.കെ. രാജൻ, കെ.കെ. പ്രകാശൻ, സെക്രട്ടറി ജി.സബിത എന്നിവർ പങ്കെടുത്തു.