എസ്.എൻ പുരത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കടയിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ് പച്ചക്കറികളുടെ ആദ്യവിൽപ്പന ഉദ്ഘാടനം ചെയ്യുന്നു.
വിവിധയിടങ്ങളിൽ പ്രതീകാത്മക പ്രതിഷേധക്കട നടത്തി
കൊടുങ്ങല്ലൂർ: ആവശ്യവസ്തുക്കളുടെ ഭീമമായ വില വർദ്ധനവിലും പിണറായി സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനുമെതിരെ യു.ഡി.എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എസ്.എൻ പുരം മണ്ഡലം കമ്മിറ്റി എസ്.എൻ പുരം സെന്ററിൽ പ്രതിഷേധ കട സംഘടിപ്പിച്ചു. 20 തരം പച്ചക്കറികൾ മാർക്കറ്റ് വിലയുടെ പകുതി വിലയ്ക്ക് വിൽപ്പന നടത്തിയാണ് വില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.എ. സിറാജ് അദ്ധ്യക്ഷനായി. ആർ.ബി. മുഹമ്മദാലി, കെ.എം. ഷാനിർ, സൈനുദ്ദീൻ കാട്ടകത്ത്, മൊയ്തീൻകുട്ടി കാട്ടകത്ത്, ടി.എ. ഫഹദ്, മൊയ്തീൻ എടച്ചാൽ, സലാം കുഴുപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കൺവീനർ വി.എച്ച് ഹനീഫ സ്വാഗതവും, രാജേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
എടവിലങ്ങ്: വിലകയറ്റം തടഞ്ഞു നിറുത്താൻ വിപണിയിൽ ഇടപെടാത്ത സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ജയ അരി കിലോഗ്രാമിന് 20 രൂപ നിരക്കിൽ നൽകി യു.ഡി.എഫ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി അരി വിൽപ്പന നടത്തി. മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. ഷാനിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ ഇ.കെ. സജീവൻ, എം.പി. ജോബി, വി.കെ. കുഞ്ഞുമൊയ്തീൻ ഹാജി, പി.കെ. സക്കറിയ, സി.എ. ഗുഹൻ, ബഷീർ കൊല്ലത്തുവീട്ടിൽ എന്നിവർ സംസാരിച്ചു.