ഗുരുവായൂർ: വിവാഹത്തിനായി മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു വിവാഹത്തിന് നൽകിയെന്ന് പരാതി. കിഴക്കേനടയിലെ ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലെ അമ്പാടി ഹാളാണ് ബുക്ക് ചെയ്ത വിവാഹ സംഘത്തിന് നൽകാതെ മറ്റൊരു വിവാഹ പാർട്ടിക്ക് നൽകിയത്.

എൻ.എസ്.എസ് പ്രതിനിധി സഭാംഗവും ചാവക്കാട് ബാറിലെ അഭിഭാഷകനുമായ സി.രാജഗോപാലിന്റെ മകളുടെ വിവാഹത്തിനായി ബുക്ക് ചെയ്ത ഹാളാണ് മറ്റൊരു വിവാഹ സംഘത്തിന് നൽകിയത്. ഇക്കഴിഞ്ഞ 18ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലായിരുന്നു വിവാഹം. താലികെട്ടിന് ശേഷം മറ്റ് ചടങ്ങുകൾക്കായി പൂന്താനം ഓഡിറ്റോറിയമാണ് ബുക്ക് ചെയ്തത്. വിവാഹ സദ്യ വിളമ്പാനായി പൂന്താനം ഓഡിറ്റോറിയത്തോട് ചേർന്നുള്ള വൃന്ദാവൻ ഹാളും മുകൾ നിലയിലെ അമ്പാടി ഹാളും ബുക്ക് ചെയ്തിരുന്നു. രാവിലെ ക്ഷേത്ര സന്നിധിയിൽ താലികെട്ട് കഴിഞ്ഞ് ഹാളിലെത്തിയപ്പോഴാണ് തങ്ങൾ ബുക്ക് ചെയ്ത അമ്പാടി ഹാളിൽ മറ്റൊരു വിവാഹ സംഘമുള്ളത് കണ്ടത്. ഉടനെ ചുമതലയുള്ള കൗസ്തുഭം റസ്റ്റ് ഹൗസിന്റെ മാനേജരെ വിവരം അറിയിച്ചപ്പോൾ തങ്ങൾക്ക് അബദ്ധം സംഭവിച്ചതാണെന്നാണ് പറഞ്ഞത്. ദേവസ്വം ചെയർമാനോടും അഡ്മിനിസ്‌ട്രേറ്ററോടും ഉടനെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. 2000 പേർക്കായിരുന്നു സദ്യ ഒരുക്കിയിരുന്നത്. പൂന്താനം ഹാളിനും ഹാളിനോട് ചേർന്നുള്ള വൃന്ദാവൻ ഹാളിനും ചേർത്ത് 1.003 ലക്ഷം രൂപയും അമ്പാടി ഹാളിനായി 24,780 രൂപയുമാണ് അടച്ചിരുന്നത്. ദേവസ്വം ചെയർമാനും അഡ്മിനിസ്‌ട്രേറ്റർക്കും നേരിട്ടെത്തി രേഖാമൂലം പരാതി നൽകുമെന്ന് രാജഗോപാൽ പറഞ്ഞു.