പാവറട്ടി: ഏനാമാവ്, മുല്ലശ്ശേരി മേഖലയിലെ കോൾപ്പടവുകളിൽ വെള്ളമില്ലാതെ ഏക്കർ കണക്കിന് നെൽക്കൃഷി ഉണങ്ങി നശിക്കുന്നു. പൊണ്ണമുത കോൾപ്പടവിലെ 300 എക്കറോളം വരുന്ന നെൽക്കൃഷിയാണ് വെള്ളം ലഭിക്കാതെ ഉണങ്ങുന്നത്. പൊണ്ണമുത, കിഴക്കേ കരിമ്പാടം, ഏലമുത, പടിഞ്ഞാറെ കരിമ്പാടം ഉൾപ്പെടെ 15 ഓളം കോൾപ്പടവുകൾ വരൾച്ചയുടെ ഭീഷണിയിലാണ്. ഏനാമാവ്, ഇടിയഞ്ചിറ എന്നിവിടങ്ങളിലെ വളയംകെട്ടുകൾ യഥാസമയം കെട്ടാത്തതുമൂലം പുഴകളിലേക്ക് പുളി വെള്ളം കയറിയതോടെ വെള്ളം കൃഷിക്ക് ഉപയോഗിക്കാൻ പറ്റാതായിരിക്കുകയാണ്. ആഴ്ചകളോളം വെള്ളം ലഭിക്കാത്തതുമൂലം കൃഷിസ്ഥലങ്ങൾ വരണ്ട് കട്ടവിണ്ട് കിടക്കുകയാണ്. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടിട്ടുണ്ടെന്നാണ് പറയുന്നത്. വേണ്ടത്ര സ്ലൂയിസ്സുകൾ ഇല്ലാത്തതുകൊണ്ട് വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തണമെങ്കിൽ ദിവസങ്ങളെടുക്കും. അപ്പോഴേക്കും നെൽച്ചെടികൾ ഉണങ്ങി നശിക്കും. വെള്ളമില്ലാതായതോടെ നെൽക്കൃഷി കർഷകർക്ക് ഒരു ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. കൃഷിയിറക്കുന്നതിനു വേണ്ടി പല ഇടങ്ങളിൽ നിന്നും പണം കടം വാങ്ങിയ കർഷകർ ആശങ്കാകുലരായിരിക്കുകയാണ്. കൃഷി വകുപ്പും സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു. യഥാസമയം രണ്ട് വളയംകെട്ടുകളും കെട്ടാത്തതു മൂലം കനാലിലുള്ള വെള്ളം മുഴുവൻ കടലിലേക്ക് ഒഴുകിപ്പോകുകയാണെന്നും കർഷകർ പറഞ്ഞു.

പതിനഞ്ചോളം കോൾപ്പടവുകൾ ചേർന്നുള്ള ഏനാമാവ് കർഷക കൂട്ടായ്മ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുണ്ട്.
-പരമേശ്വരൻ (കൺവീനർ)