ഡിസൈൻ സമർപ്പിച്ചു
തൃപ്രയാർ: നാട്ടികയുടെ സ്വപ്ന പദ്ധതിയായ തൃപ്രയാർ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്‌സിന്റെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാകും. ആറു മാസത്തിനുള്ളിൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. നിർമ്മാണം തുടങ്ങിയാൽ ഒന്നര കൊല്ലം കൊണ്ട് പൂർത്തിയാകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പവർ പോയിന്റ് പ്രസന്റേഷനിലാണ് തീരുമാനമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. സി.സി. മുകുന്ദൻ എം.എൽ.എ, എ.എൻ. സിദ്ധപ്രസാദ് (കോൺഗ്രസ്), ടി.വി. ശ്രീജിത്ത് (സി.പി.എം), എ.കെ. ചന്ദ്രശേഖരൻ (ബി.ജെ.പി), മണി നാട്ടിക (സി.പി.ഐ), കെ.എ. കബീർ (ലീഗ്), പ്രേമചന്ദ്രൻ വടക്കേടത്ത് (പ്രസ് ക്ലബ് പ്രസിഡന്റ്), പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, നയന ജോൺ, ആർ. രചന എന്നിവർ സംസാരിച്ചു.
ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്‌സ്
എട്ട് കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. നാലുനില കെട്ടിടത്തിൽ അടിയിലെ നിലയിലാണ് സ്റ്റാൻഡ് യാർഡുകൾ. പത്ത് ബസുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. 25,000 ചതുരശ്രയടി വിസ്തീർണത്തിൽ 47 സെന്റ് സ്ഥലം മാത്രമുള്ള സൗകര്യത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കംഫർട്ട് സ്റ്റേഷൻ, കഫ്‌ത്തേരിയ, കടമുറികൾ, മറ്റു വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലം, നാലുനിലകളിലും കട മുറികൾ എന്നിവയുമുണ്ട്. മുകളിൽ കൺവെൻഷൻ ഹാളും നിർമ്മിക്കാനാകും. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം പ്രൊഫ. ജോത്സ്യന റാഫേലിന്റ നേതൃത്വത്തിലാണ് ഡിസൈൻ തയാറാക്കിയത്.
ആറ് മാസത്തിനകം സാങ്കേതിക നടപടികൾ പൂർത്തിയാക്കും. ടെക്‌നിക്കൽ അനുമതി മാത്രമാണ് ലഭിക്കാനുള്ളത്. ഉടൻ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
- സി.സി മുകുന്ദൻ എം.എൽ.എ