കൊടുങ്ങല്ലൂർ: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വ്യാപകം. പൊലീസെത്തി വാഹനങ്ങൾ മാറ്റിയാലും കുറച്ചുസമയം കഴിയുമ്പോൾ എല്ലാം പഴയപടിയാകും. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷൻ പരിസരം മുതൽ ചന്തപ്പുര വരെ ഇത്തരത്തിൽ നിരവധി വാഹനങ്ങളാണ് റോഡിന്റെ ഇരുവശങ്ങളിലും കാണാൻ കഴിയുക. ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് നഗരത്തിലേക്ക് അടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. താലൂക്ക് ആശുപത്രി വൺവേ റോഡ്, റിംഗ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. ചിലർ ഒരോ സ്ഥാപനങ്ങളുടെ മുമ്പിൽ അനുവാദമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നത് വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുന്നതായും പരാതിയുണ്ട്.
തിരക്കേറിയ ഭാഗങ്ങളിലെ റോഡിലൂടെ നടക്കാനും ഇരുഭാഗങ്ങളിലേക്ക് മുറിച്ചു കടക്കാനും കാൽനട യാത്രക്കാർ പ്രയാസപ്പെടുകയാണ്. ചിലർ ബസ് സ്റ്റോപ്പിൽ പോലും വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്. അതിനാൽ ബസുകളെല്ലാം തോന്നിയ സ്ഥലത്താണ് നിറുത്തുന്നത്. ഇത് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചില വാഹന ഉടമകളാകട്ടെ റോഡിൽ അനാവശ്യമായി നിറുത്തിയിടുന്ന സാഹചര്യവുമുണ്ട്. ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസും ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റി കമ്മിറ്റിയും നിലവിലുണ്ടെങ്കിലും ഇവരൊന്നും ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.