1

പാർളിക്കാട് സത്രവേദിയായ നൈമിഷാരണ്യത്തിൽ 21-ാമത് ഭാഗവത തത്ത്വസമീക്ഷ സത്രത്തിന് സ്വാമി തത്ത്വമയാനന്ദ തിരിതെളിക്കുന്നു.

വടക്കാഞ്ചേരി: ഭാഗവതം മനുഷ്യനുള്ള ഓക്‌സിജനാണെന്ന് സ്വാമി തത്ത്വമയാനന്ദ അഭിപ്രായപ്പെട്ടു. പാർളിക്കാട് തച്ചനാത്തുകാവ് ദേവി ക്ഷേത്രസന്നിധിയിലെ സത്രവേദിയായ നൈമിഷാരണ്യത്തിൽ 21-ാമത് ഭാഗവതതത്ത്വസമീക്ഷാ സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എപ്രകാരം ജീവിക്കണം, എപ്രകാരം ജീവിച്ചു മരിക്കണം എന്ന് ഭാഗവതം നമുക്ക് കാട്ടിത്തരുന്നു. ഈശ്വരന്റെ വാസസ്ഥലം മനുഷ്യ മനസിലാണ്. മഹത്തായ ദർശനങ്ങളാണ് ഭാഗവതത്തിലുളളത്. കേരളത്തിലെ ജനങ്ങൾക്ക് ഊർജ്ജവും ഓക്‌സിജനും നൽകുന്ന ഇടമാണ് തത്ത്വസമീക്ഷ വേദിയെന്നും സ്വാമി തത്ത്വമയാനന്ദ പറഞ്ഞു. പുതുതായി നിർമ്മിച്ച സഭാനികേതന്റെ ഉദ്ഘാടനവും സ്വാമി തത്ത്വമയാനന്ദ നിർവഹിച്ചു. സ്വാമി ഭൂമാനന്ദ തീർത്ഥ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ സ്വാമി ഭൂമാനന്ദ രചിച്ച ഉൾനിർവൃതിയുടെ ഉജ്ജ്വല ശാസ്ത്രം എന്ന ഗ്രന്ഥം സ്വാമി അദ്ധ്വാത്മാനന്ദ സരസ്വതി പ്രകാശനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, പ്രൊഫ. സാധു പത്മനാഭൻ, ഡിവിഷൻ കൗൺസിലർ ധന്യ നിധിൻ, സ്വാമി നിഗമാനന്ദ തീർത്ഥ എന്നിവർ പ്രസംഗിച്ചു. പത്തു ദിവസങ്ങളിലായാണ് ഭാഗവ തത്ത്വസമീക്ഷ സത്രം സംഘടിപ്പിച്ചിട്ടുള്ളത്.