വടക്കാഞ്ചേരി: വടക്കാഞ്ചേരി ടൗണിലെ പൊതുമരാമത്ത് റോഡിന്റെ കാനയിൽ വീണ് വീട്ടമ്മയുടെ നടുവൊടിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഭർത്താവിന് മരുന്ന് വാങ്ങാനായി വടക്കാഞ്ചേരി ടൗണിൽ എത്തിയ മുണ്ടത്തിക്കോട് പാറയ്ക്കാട്ടിൽ മോഹനന്റെ ഭാര്യ ഗീത (50) യെന്ന സ്ത്രീ 12 അടി താഴ്ചയുള്ള കാനയിൽ വീണത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നട്ടെല്ലിന് കാര്യമായ പരിക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. മരണം വരെ സംഭവിക്കാവുന്ന അപകടം സംഭവിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. താത്കാലികമായി കാന മൂടാൻ വേണ്ട നടപടിയും സ്വീകരിച്ചില്ല. ക്രിസ്മസും പുതുവത്സരവുമടുത്തതിനാൽ ടൗണിൽ തിരക്കേറി വരികയാണ്.
അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വടക്കാഞ്ചേരി ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, ഡി.സി.സി സെക്രട്ടറി ഷാഹിത റഹിമാൻ, എ.എസ്. ഹംസ, ടി.വി. സണ്ണി, കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, സത്താർ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.