ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി ചുരുങ്ങിയതാണ് സ്ത്രീധനക്കൊലയും നരബലിയും ഉൾപ്പടെയുള്ള സാമൂഹിക ദുരന്തങ്ങളിലേക്ക് മലയാളി സമൂഹത്തെ നയിക്കുന്നതെന്നും, മികച്ച വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർ പോലും ജാതിബോധം ഉൾപ്പടെയുള്ള പിന്തിരിപ്പിൻ ആശയങ്ങളുടെ വക്താക്കളായി മാറുന്നത് ജാഗ്രതയോടെ കൂട്ടായി ചെറുക്കണമെന്നും പ്രൊഫ. സുനിൽ പി. ഇളയിടം.

ബിരുദ തലത്തിലുള്ള മലയാള സാഹിത്യ പഠനത്തിന്റെ ഭാഗമായ മികച്ച പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി അവാർഡ് നൽകിയ ശേഷം കേരളീയ നവോത്ഥാനവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5,001 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന അവാർഡ് മഹാരാജാസ് കോളേജിലെ കെ.ജി. നിതിനും 1,000 രൂപയുടെ അവാർഡും സർട്ടിഫിക്കറ്റും ക്രൈസ്റ്റ് കോളേജിലെ അഞ്ജലി സോമനും സമർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷനായി. പൂർവവിദ്യാർത്ഥി ഷിബു ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ഡോ. സി.വി. സുധീർ, പ്രൊഫ. സിന്റോ കോങ്കോത്ത്, ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം പൂർവവിദ്യാർത്ഥികളും സഹപ്രവർത്തകരും ചേർന്നാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.