ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശം നടത്തണമെന്ന് ദേവപ്രശ്‌നത്തിൽ നിർദ്ദേശം. വളരെയേറെ സത്കർമ്മങ്ങൾ നടത്തുന്ന ക്ഷേത്രമാണെങ്കിലും ആയതിന്റെ ഫലസിദ്ധി പൂർണമായി കാണുന്നില്ല. ആയതിനാൽ എത്രയും വേഗം ബിംബം മാറാത്ത നവീകരണ കലശം നടത്തുന്നതിന് ജ്യോതിഷികൾ നിർദ്ദേശം നൽകി. രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടന്നുവന്ന ദേവപ്രശ്‌നം ഇന്നലെ സമാപിച്ചു. ക്ഷേത്ര മണികിണർ വറ്റിച്ച് വൃത്തിയാക്കുന്നതിനും ക്ഷേത്രക്കുളം ശുചിയായി സൂക്ഷിക്കുന്നതിനും സ്ഥല ലഭ്യത അനുസരിച്ച് അയ്യപ്പ പ്രതിഷ്ഠ പുറത്തേക്ക് മറ്റി അയ്യപ്പന് സ്വതന്ത്ര ശ്രീകോവിൽ നിർമ്മിക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. നവഗ്രഹങ്ങൾ പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിനും തടസമില്ലെന്ന് കണ്ടു. ദോഷപരിഹാരത്തിന് ഗുരുവായൂർ ക്ഷേത്രത്തിലും സമീപത്തുളള ക്ഷേത്രങ്ങളിലും വഴിപാട് നടത്തണം. ഇന്നലെ നടന്ന പ്രശ്‌നചിന്തയിൽ ജ്യോതിഷികളായ എടപ്പാൾ ഗോവിന്ദൻ മാസ്റ്റർ, കൂറ്റനാട് രാവുണ്ണി പണിക്കർ, അരീക്കര സുരേഷ് പണിക്കർ, എളവള്ളി പ്രശാന്ത് മേനോൻ, കൂറ്റനാട് രവിശങ്കർ, മമ്മിയൂർ കളരി രമേഷ് പണിക്കർ എന്നിവർ പങ്കെടുത്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, മെമ്പർമാരായ കെ.കെ. ഗോവിന്ദ് ദാസ്, പി. സുനിൽകുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി തുടങ്ങിയവർ സംബന്ധിച്ചു.