ചാലക്കുടി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ഫോറോന പള്ളിയുടെ നേതൃത്വത്തിൽ നഗരത്തിൽ ബംബിനോ മെഗാ കരോൾ സംഘടിപ്പിച്ചു. നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച കരോൾ നൂറുകണക്കിന് പപ്പമാരാൽ വർണാഭമായി. നൃത്തം ചെയ്യുന്ന മലാഖകുട്ടികൾ, ഒട്ടകങ്ങൾ, യഹുദ സ്ത്രീ വേഷധാരികൾ, ചട്ടയും മുണ്ടും ധരിച്ച അമ്മമാർ എന്നീ വേഷങ്ങൾ ആഘോഷത്തിന് മാറ്റേകി. വിവിധ കലാരൂപങ്ങളും ജനപ്രിയ ഇനങ്ങളായി. ഉണ്ണിയേശു പിറന്ന കാലിത്തൊഴുത്ത് തുടങ്ങിയ ടാബ്ലോകളും വാദൃമേളങ്ങളും കരോളിനെ ആകർഷകമാക്കി. വികാരി ഫാ. ജോളി വടക്കന്റെ നേതൃത്വത്തിൽ ആരംഭിച്ച മെഗാ കരോൾ നഗരസഭാ ചെയർമാൻ എബി ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ പ്രസംഗിച്ചു. അസി.വികാരിമാരായ ഫാ. ലിജൊ മണിമല കുന്നേൽ, ഫാ. മെജിൻ കല്ലേലി, കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, സെക്രട്ടറി ജോസി കോട്ടേക്കാരൻ, ട്രസ്റ്റിമാരായ എബ്രാഹം മേനാച്ചേരി, പോൾ ഈയന്നം, വർഗീസ് തേനംകുടം, ബാബു എടാട്ടുകുറ്റിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.