bjpകൊടുങ്ങല്ലൂർ നഗരസഭ കൗൺസിലിൽ ബി.ജെ.പി കൗൺസിലർമാർ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിൽ ഇടതുപക്ഷ ഭരണകൂടവും ഉദ്യോഗസ്ഥരും കൂടി ജനാധിപത്യ കശാപ്പ് നടത്തുന്നതായി ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിനകത്ത് കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. കൗൺസിൽ യോഗത്തിന്റെ അജണ്ടയിലില്ലാത്ത തീരുമാനങ്ങൾ ചെയർപേഴ്‌സൺ മിനിറ്റ്‌സിൽ തിരുകി കയറ്റിയെന്നാണ് ആരോപണം. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഹെൽത്ത് സബ് സെന്ററുകൾ വരുന്നത് മൂലം നഗരസഭക്ക് സാമ്പത്തിക ബാദ്ധ്യത വരുന്നതാണെന്നും നിലവിൽ കെട്ടിടങ്ങളുള്ള സ്ഥലത്തും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്. തുടർന്ന് നഗരസഭ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, രശ്മി ബാബു, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ് തുടങ്ങിയവർ സംസാരിച്ചു.