yogam
നിർദ്ദിഷ്ട മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനായി കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പുലിക്കണ്ണി മദ്രസ ഹാളിൽ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗം.

വരന്തരപ്പിള്ളി: മലയോര ഹൈവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം കിഫ്ബിയുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി ലഭ്യമാക്കാൻ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനായി നാട്ടുകാരുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ പുലിക്കണ്ണി മദ്രസ ഹാളിൽ വിളിച്ചുചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ബിന്ദു ബഷീർ, അഷറഫ് ചാലിയതൊടി, കെ.എച് .സുഹറ ,ജലാൽ ഷീല ശിവരാമൻ, വിജിത ശിവദാസൻ,റഷീദ്, പുഷ്പകാരൻ ഒറ്റാലി, റോസ്ലി തുടങ്ങിയ ജനപ്രതിനിധികളും എക്‌സിക്യൂട്ടീവ് എൻജിനിയർ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ സൈനബ, അസിസ്റ്റന്റ് എൻജിനിയർ, മാക്‌സൺ മാത്യു, പ്രൊജക്ട് എൻജിനിയർ അനിൽ വിൽസൺ എന്നീ ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ. ശിവരാമൻ, വി.എസ്. ജോഷി, ഹംസ ചെമ്പൻ, ഇ.എ. ഉമ്മർ, മഹല്ല് കമ്മിറ്റി സെക്രട്ടറി യൂസഫ് കളത്തിങ്കൽ എന്നിവർ സംസാരിച്ചു. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി പൂർണമായും സ്ഥലം വിട്ടു നൽകാൻ യോഗത്തിൽ വന്നവർ സന്നദ്ധത അറിയിച്ചു. നഷ്ടങ്ങൾക്ക് പകരം കൃത്യമായ നഷ്ടപരിഹാരം നൽകണമെന്ന് യോഗം നിർദ്ദേശിച്ചു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. സ്ഥലം ഫ്രീ സറണ്ടറിനും നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ കൺവീനറായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് ജനപ്രതിനിധികളും ഉൾപ്പെടുന്നു. തൃക്കൂർ പഞ്ചായത്തിലെ കള്ളായി മുതൽ മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര വരെയാണ് മലയോര ഹൈവേ പുതുക്കാട് മണ്ഡലത്തിലൂടെ കടന്നു പോകുന്നത്.