പുതുക്കാട്: ദേശീയപാതയിലൂടെയുള്ള ടോറസ് ലോറികളുടെ സഞ്ചാരം അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചിരുന്നു. ദേശീയപാതയിലൂടെ പ്രതിദിനം സഞ്ചരിക്കുന്നത് നുറുകണക്കിന് ടോറസുകളാണ്. അടുത്തയിടെയായി ദേശീയ പാതയിലുണ്ടാവുന്ന അപകടങ്ങളിൽ മിക്ക അപകടങ്ങളലും ടോറസ് ലോറികളാണ് വില്ലനായത്. ഈ സാഹചര്യത്തിൽ ദേശീയപാതയിലെ ടോറസ് ലോറികളുടെ സഞ്ചാരത്തിന് കൂച്ചുവിലങ്ങിടാൻ ഒരുങ്ങുകയാണ് അധികൃതർ. അതേസമയം അമിതഭാരം കയറ്റുന്നു എന്ന പേരിൽ പിഴ ചുമത്തി ടോറസ് ഉടമകളെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ടിപ്പർ ആൻഡ് ടോറസ് ഓണേഴ്‌സ് അസോസിയേഷൻ അനിശ്ചിത കാല സമരത്തിനൊരുങ്ങുകയാണ്. ഒരു ടോറസിൽ 8.30 യൂണിറ്റാണ് മോട്ടോർ വാഹന വകുപ്പ് അനുവദിച്ചിട്ടുള്ള ഭാരം കയറ്റാനുള്ള അളവ്. സർക്കാർ പറയുന്നതുപോലെ ഭാരം കയറ്റിയാൽ ഓരോ ടോറസിലും പകുതി മാത്രമാണ് കയറ്റാനൊക്കൂ. നിയമം കർശനമാവുന്നതോടെ നാട്ടിൽ ലഭിക്കുന്ന കല്ലിനും മണലിനും വില ഉയരുമെന്നും പറയുന്നു. ഭാരം കുറച്ച് കയറ്റിയാൽ ഡീസൽ ചെലവും തേയ്മാന ചെലവും കുറയും. ഇതോടെ കല്ല് ഉൾപ്പടെ വാങ്ങുന്നവർക്ക് അമിത വില നൽകേണ്ടിയും വരും.
മോട്ടോർ വാഹന വകുപ്പും പൊലീസും ദേശീയപാതയിൽ പരിശോധന നടത്തലും പിഴ ചുമത്തലും പതിവാണ്. മിക്കവാറും ടോറസുകൾക്കും ഓവർലോഡ് എന്ന പേരിൽ പിഴ ഈടാക്കുന്നത് അയ്യായിരവും പതിനായിരവുമാണ്. ടയർ മാറ്റാനുള്ള പണം, മറ്റ് അറ്റകുറ്റപ്പണികൾക്കുള്ള ചെലവ്, ഡ്രൈവർ, കിളി എന്നിവരുടെ ശമ്പളം എല്ലാം കഴിയുബോൾ കടം മാത്രം ബാക്കി എന്നാണ് ടോറസ് ഉടമകൾ പറയുന്നത്.

ചെലവ് 50 മുതൽ 55 ലക്ഷം വരെ
50 ലക്ഷം മുതൽ 55 ലക്ഷം രൂപയാണ് ഒരു ടോറസ് ലോറി റോഡിലിറങ്ങേണ്ടി വരുന്നതിന് ചെലവ്. പുതുക്കാട് മേഖലയിൽ മാത്രം എതാനും പേർക്കായി അമ്പതോളം ടോറസുകൾ ഉണ്ട്. മിക്കവരുടെയും ടോറസുകൾ തമിഴ്‌നാട്ടിൽ നിന്നും കരിങ്കല്ല് കൊണ്ടുവരുന്നതിനാണ് ഓടുന്നത്. ഒരു ദിവസം ഒരു ട്രിപ്പ് മാത്രമാണ് ഇവർക്ക് ഓടാനൊക്കു. വാടക ഇനത്തിൽ ലഭിക്കുന്നത് അയ്യായിരം രൂപ മാത്രമാണെന്നാണ് ഉടമകൾ പറയുന്നത്.