വടക്കാഞ്ചേരി: വടക്കാഞ്ചേരി ടൗണിൽ വീട്ടമ്മ കാനയിൽ വീണ് അപകടത്തിൽപ്പെട്ട സംഭവത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പൊതുമരാമത്ത് അധികൃതരോട് വിശദീകരണം തേടി. സംഭവസ്ഥലത്ത് പാരപ്പറ്റ് നിർമ്മിച്ച് താത്കാലിക സംവിധാനം നടപ്പാക്കാൻ എം.എൽ.എ പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കാനയ്ക്കരികിൽ പാരപ്പറ്റ് നിർമ്മാണം ആരംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കും. ഇതിനിടെ കാനയ്ക്ക് മുകളിൽ സ്ലാബുകൾ കയറി ഇറങ്ങി കിടക്കുന്നത് ചില കച്ചവട സ്ഥാപനങ്ങൾ ആവശ്യപ്പെട്ട പ്രകാരം സ്ലാബുകൾ താഴ്ത്തിയും ഉയർത്തിയും ഇട്ടു കൊടുത്തതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഹാപ്പി ശ്രീനിവാസൻ അറിയിച്ചു. സ്ലാബുകൾ ഉയർന്നു നിൽക്കുന്ന ഭാഗത്ത് സിമന്റ് ഇട്ട് ഒപ്പമാക്കാനും നടപടിയായിട്ടുണ്ട്. മുണ്ടത്തിക്കോട് പാറയ്ക്കൽ വീട്ടിൽ മോഹനന്റെ ഭാര്യ ഗീതയാണ് കഴിഞ്ഞ ദിവസം കാനയിൽ വീണത്. ഇവരുടെ നട്ടെല്ലിന് ഒടിവ് സംഭവിച്ചിരുന്നു. സംഭവത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ശക്തമായ ഇടപെടലോടെയാണ് സുരക്ഷാ ഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കാൻ തീരുമാനമായത്.