കൊടുങ്ങല്ലൂർ: പ്രളയവും കൊവിഡും മൂലം നിന്നുപോയ അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് പുനരാംഭിക്കുന്നതിന്റെ മുന്നോടിയായി 26 മുതൽ ജനുവരി 10 വരെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മുനയ്ക്കൽ ബീച്ചിൽ ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. ജില്ലയിലെ പ്രാധാന്യമേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അഴീക്കോട് മുനയ്ക്കൽ ബീച്ച്. ഏപ്രിൽ മാസത്തിലാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ എന്നിവർ പറഞ്ഞു. 26 മുതൽ ജനുവരി 10 വരെ നടക്കുന്ന ഫെസ്റ്റിൽ കലാ സാംസ്‌കാരിക സദസുകൾ, മെഗാഷോ, ഗാനമേള, നാടൻപാട്ട്, നാടകം, വിപണനമേള തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 26ന് വൈകിട്ട് 6ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എ.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവർ പങ്കെടുക്കും.