
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുളള സ്ഥാപനങ്ങളുടെ പേരിലടക്കം വ്യാജ വെബ് സൈറ്റുകളും ലിങ്കുകളും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നത് നിസാരമായി കാണാൻ കഴിയില്ല.
സർക്കാർ സ്ഥാപനങ്ങളുടെ വിശ്വാസ്യത മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. സി.ബി.എസ്.ഇ, കെ.എസ്.ഇ.ബി തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ പേരിൽ വ്യാജവെബ്‌സൈറ്റുണ്ടാക്കി പണം തട്ടിക്കുന്ന സംഘങ്ങൾ വർദ്ധിച്ചുവരുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നതായി ബോർഡും മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്‌സൈറ്റെന്ന വ്യാജേന cbsegovt.com എന്ന വിലാസത്തിലാണ് വെബ്‌സൈറ്റ്. ബോർഡിന്റെ യഥാർത്ഥ വെബ്‌സൈറ്റ് www.cbse.gov.in ആണ്. വിദ്യാർത്ഥികൾ ഇതുവഴി ലഭിക്കുന്ന നിർദ്ദേശം മാത്രം പിന്തുടരണമെന്നാണ് ബോർഡ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. '' നിങ്ങൾ പണം അടച്ചിട്ടില്ല. വീട്ടിലെ കറന്റ് കട്ട് ചെയ്യും. ഈ ഫോൺ നമ്പറിലേക്ക് വിളിക്കൂ.'' എന്ന സന്ദേശം അയച്ചാണ് കെ.എസ്.ഇ.ബിയുടെ പേരിൽ തട്ടിപ്പ്. ഇപ്പോൾ ശരിയാക്കിത്തരാമെന്നും ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താൽ മതിയെന്നും സന്ദേശത്തിലുണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും. നിമിഷങ്ങൾക്കുള്ളിൽ പണവും പോകും.
വീട്ടമ്മയ്ക്ക് നഷ്ടമായത്
പതിനായിരം രൂപ
സുഹൃത്തുക്കളുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചുളള തട്ടിപ്പുകളും വ്യാപകമാണ്. 'അത്യാവശ്യമാണ്, 20,000 രൂപ ഉടൻ അയയ്‌ക്കണം' എന്ന സന്ദേശത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ പണം അയച്ച തൃശൂരിലെ മിഷൻ ക്വാർട്ടേഴ്‌സ് സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 10,000 രൂപ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആസൂത്രണം ചെയ്യപ്പെടുന്ന സൈബർ തട്ടിപ്പുകാരുടെ വലയിലാണ് ഇവർ അകപ്പെട്ടത്. പ്രൊഫൈൽ ഫോട്ടോ സുഹൃത്തിന്റേത് തന്നെയായിരുന്നതിനാൽ സംശയം തോന്നിയില്ല. 20,000 രൂപ അയയ്‌ക്കണമെന്നായിരുന്നു നിർദ്ദേശം. അത്രയും പണം കൈയിലില്ലാത്തതിനാൽ 10,000 രൂപ ഓൺലൈനായി അയച്ചശേഷം സ്‌ക്രീൻഷോട്ട് വാട്‌സ് ആപ്പിലൂടെ കൈമാറി. 10,000 രൂപ കൂടി അയയ്ക്കാമോ എന്ന സന്ദേശം വീണ്ടും എത്തിയതോടെ സംശയം തോന്നി സുഹൃത്തിനെ നേരിട്ട് ഫോണിൽ വിളിച്ചു. അപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ഈസ്റ്റ് പൊലീസിനും സൈബർ സെല്ലിനും പരാതി നൽകി. പണം സ്വീകരിച്ച അക്കൗണ്ട് മരവിപ്പിക്കാൻ മാത്രമായിരുന്നു സൈബർ സെല്ലിന് കഴിഞ്ഞത്.
ഗൂഗിൾ പേ വഴി ഈ അക്കൗണ്ടിലേക്ക് 10 രൂപ അയക്കാമോ ? എന്ന സന്ദേശം അയച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. പണം അയക്കുന്നതോടെ പിൻ നമ്പർ തട്ടിപ്പുകാർ കണ്ടെത്തി പണം തട്ടിയെടുക്കും. നിരവധി പേർ ഇങ്ങന പലതരം തട്ടിപ്പുകളിൽപ്പെടുന്നുണ്ട്.
സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറാണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള സഹായം സ്വീകരിക്കാനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാം.
തൊഴിൽത്തട്ടിപ്പുകൾ
കൂടി വരുന്നു
കൊവിഡ് വ്യാപനത്തിനു ശേഷം സജീവമായ തൊഴിൽ തട്ടിപ്പുകാർ ഇപ്പോഴുമുണ്ട്. പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന വാഗ്ദാനവുമായി സമൂഹമാദ്ധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിലേക്ക് വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകളാണ് കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്‌സ് ആപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടേതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയര്‍ ചാര്‍ജ്ജായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് . പെന്‍സിലിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകള്‍ തട്ടിപ്പാണെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ 1930 എന്ന ഹെൽപ് ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് പറയുന്നു.
കാർഡുകൾ വഴിയും....
ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകൾ ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണ്. ഒരിക്കലും പിന്‍നമ്പര്‍ കാര്‍ഡില്‍ എഴുതിവയ്ക്കരുതെന്നാണ് പ്രധാനനിർദ്ദേശം. തത്സമയ ഇടപാട് അലെര്‍ട്ടുകള്‍ക്കായി മൊബൈല്‍ നമ്പര്‍ ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഓണ്‍ലൈന്‍ അക്കൗണ്ട് ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. പോപ്പ്അപ്പ് വിന്‍ഡോയിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യരുതെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. ഇതുവഴി കബളിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു കോളിനോ എസ്എം.എസിനോ ഇമെയിലിനോ പ്രതികരിക്കരുത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ നമ്പര്‍ രഹസ്യമായി സൂക്ഷിക്കണം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ്
ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ വഴി സെര്‍ച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകള്‍, ഇമെയില്‍ സോഷ്യല്‍ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആന്റിവൈറസ് സോഫ്ട്!വെയറുകള്‍ അടിക്കടി അപ്‌ഡേറ്റ് ചെയ്യണം. വളരെ അത്യാവശ്യമായവ ഒഴികെ ബാക്കിയുള്ള ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണം.
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുകയും വേണം. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെക്കുറിച്ച് വിലയിരുത്തുകയും ചെയ്യണം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും സര്‍വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷവും മാത്രം ഉപയോഗിക്കണമെന്നതും പ്രധാനമാണ്.