guruvayoor

ഗുരുവായൂർ: മണ്ഡലകാല സമാപന ദിനത്തിൽ ഗുരുവായൂരപ്പന് വിശേഷാൽ കളഭാഭിഷേകം നടക്കും. ദിവസവും കളഭം ചാർത്തുന്ന ഗുരുവായൂരപ്പന് ഇന്നേദിവസം പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ടാണ് അഭിഷേകം ചെയ്യുക. മൈസൂർ ചന്ദനം , കശ്മീർ കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം, പനിനീർ എന്നിവ ചേർത്ത് സ്വർണക്കുംഭത്തിൽ പ്രത്യേകമായി തയാറാക്കുന്ന സുഗന്ധ പൂരിതമായ കളഭക്കൂട്ടിന് നമസ്‌കാര മണ്ഡപത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൂജ ചെയ്യും.

പന്തീരടി പൂജയ്ക്ക് ശേഷം നവകാഭിഷേകവും കളഭാഭിഷേകവും ഉച്ചപൂജയും തന്ത്രി നിർവഹിക്കും. കളഭത്തിലാറാടിയ കണ്ണനെ കണ്ടുതൊഴാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തും. നാളെ പുലർച്ചെ നിർമ്മാല്യം വരെ ഭക്തർക്ക് കളഭശോഭയുള്ള ഗുരുവായൂരപ്പനെ ദർശിക്കാം. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യ അഭിഷേകവും 41ാം ദിവസം കളഭവുമാണ് അഭിഷേകം ചെയ്യുക. അഭിഷേകത്തിനുള്ള കളഭം കോഴിക്കോട് സാമൂതിരിരാജയുടെ വഴിപാടാണ്. പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വഴിപാടായി ചുറ്റുവിളക്ക് ആഘോഷവും നടക്കും. രാവിലെ 10ന് പഞ്ചമദ്ദള കേളി, വൈകിട്ട് 3.30ന് ശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി, വൈകിട്ട് ആറിന് ദീപാലങ്കാരം, ഗുരുവായൂർ മുരളിയുടെ നാദസ്വരം, 6.30 ന് കക്കാട് രാജപ്പൻ മാരാർ ചെറുതാഴം ചന്ദ്രൻ മാരാർ എന്നിവരുടെ ഡബിൾതായമ്പക, രാത്രി 9 ന് താമരയൂർ അനീഷ് നമ്പീശന്റെ പ്രമാണത്തിൽ മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും . മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.