ചേർപ്പ്: ഊരകത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ കവർച്ചാശ്രമം. ഊരകം ലക്ഷംവീട് കോളനി റോഡിൽ മായംവീട്ടിൽ അക്ബറിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതുകണ്ട് വീടിന്റെ പുനർനിർമ്മാണം നടത്തുന്നവർ അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ സ്ഥലത്ത് എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ച നിലയിലാണ്. വീടിന്റെ മുകളിൽ നിർമ്മാണം നടക്കുന്നതിനാൽ മൂന്ന് മാസമായി വീട്ടിൽ ആരും താമസമില്ലായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.