kalamandalam
തൃപ്രയാർ കളിമണ്ഡലത്തിലെ വാർഷികാഘോഷച്ചടങ്ങിൽ കലാമണ്ഡലം അവതരിപ്പിച്ച ഗുരുദേവ മാഹാത്മ്യം കഥകളി യിൽ അരുവിപ്പുറം പ്രതിഷ്ഠ രംഗം

തൃപ്രയാർ: ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിച്ച് കേരള കലാമണ്ഡലം. കളിമണ്ഡലത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ പരിപാടിയിൽ കേരള കലാമണ്ഡലത്തിലെ കഥകളി കലാകാരന്മാർ ഇതാദ്യമായി കളിയരങ്ങിൽ നിറഞ്ഞാടി. ആസ്വാദകർ കഥയറിഞ്ഞ് തന്നെ ആട്ടം കണ്ടു. രംഗത്ത് ശ്രീനാരായണഗുരുവായി കലാമണ്ഡലം മുകുന്ദനും അയ്യാഗുരുക്കളായി കലാമണ്ഡലം ശബരീനാഥുമായിരുന്നു.

കലാമണ്ഡലം കലാകാരന്മാരായ രവികുമാർ (ക്ഷത്രിയൻ), ഹരിനാരായണൻ (വൈശ്യൻ), തുളസികുമാർ (ശൂദ്രൻ), പ്രദീപ് (പഞ്ചമൻ), സൂരജ് (അവധൂതൻ), ശിബിചക്രവർത്തി (യുവാവ്), നവീൻകുമാർ (യുവതി) എന്നിവരും അരങ്ങിലെത്തി. സദനം ശിവദാസ് കലാമണ്ഡലം അജേഷ് പ്രഭാകർ, വിശ്വാസ്, ശ്രീനാഥ് (സംഗീതം) , കലാമണ്ഡലം വേണുമോഹൻ ,ശ്രീരാജ് , സരോദ് (ചെണ്ട), കലാമണ്ഡലം ഹരിഹരൻ, നാരായണൻ, അഖിൽ (മദ്ദളം) എന്നിവരും അവതരണത്തിൽ പങ്കെടുത്തു.

നേരത്തെ ഗിന്നസ് റെക്കാഡ് ജേതാവും പ്രശസ്ത നർത്തകിയുമായ ഡോ. ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ ഗുരുദേവ മാഹാത്മ്യം ആട്ടക്കഥയിലെ കല്യാണി രാഗത്തിലുള്ള 'ചെമ്പഴന്തി ഗ്രാമവും' എന്നു തുടങ്ങുന്ന പദം മോഹിനിയാട്ടമായി അവതരിപ്പിച്ചു. ഗുരുദേവൻ ചെമ്പഴന്തി ഗ്രാമവും വയൽവാരവും ഉപേക്ഷിച്ച് തപസിനു പോകുവാൻ തീരുമാനിക്കുന്ന ആത്മഗതം വിവിധ സഞ്ചാരീഭാവങ്ങളോടെയാണ് ധനുഷ വേദിയിൽ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത്.

ആർ.എൽ.വി. ഉണ്ണിക്കൃഷ്ണൻ (നട്ടുവാങ്കം). കലാമണ്ഡലം വിശ്വാസ് (സംഗീതം) കലാമണ്ഡലം ശ്രീരംഗ് (മൃദംഗം), നിഖിൽ കെ.വി. അയിനൂർ (പുല്ലാങ്കുഴൽ) എന്നിവർ മോഹിനിയാട്ട അവതരണത്തിൽ പങ്കെടുത്തു.

കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ, സെക്രട്ടറി കവി കെ. ദിനേശ് രാജാ , ബീനാ സദാനന്ദൻ, കെ.ആർ. മധു, കെ.ജി. കൃഷ്ണകുമാർ എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.