
തൃശൂർ: യുവാക്കളുടെ അക്കൗണ്ടിൽ 2.44 കോടി എത്തിച്ചത് ഓൺലൈൻ തട്ടിപ്പിലൂടെയെന്ന് പൊലീസിന്റെ കണ്ടെത്തൽ. പുതുതലമുറ ബാങ്കിന്റെ സോഫ്ട്‌വെയർ തകരാർ മൂലം
വെളുത്തൂർ സ്വദേശികളായ മനു, നിതിൻ എന്നിവരുടെ അക്കൗണ്ടിൽ കോടികൾ എത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം വാർത്ത പരന്നത്. ക്രിപ്റ്റോ ട്രേഡിംഗിനായി ഒന്നര മാസം മുമ്പ് തുടങ്ങിയ അക്കൗണ്ടിൽ ഡിസംബർ 17ന് ഉണ്ടായിരുന്നത് 14,520 രൂപയാണ്. പിറ്റേന്നാണ് 2.44 കോടിയെത്തിയത്. തട്ടിപ്പിനെപ്പറ്റി വിവരം ലഭിച്ച ബാങ്ക് അധികൃതർ 20ന് പരാതി നൽകി. 171 ഇടപാടുകളിലൂടെ അക്കൗണ്ടുകളിലേക്ക് തുക പോയ ഉടമകളെക്കുറിച്ചും തട്ടിപ്പുരീതിയെപ്പറ്റിയും സൈബർ പൊലീസിന് കൂടുതൽ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്. ലക്ഷം രൂപ വിലയുള്ള ഐ ഫോണുകൾ വാങ്ങിയും കടബാദ്ധ്യത തീർത്തും പണം വാരിവിതറി അടിച്ചുപൊളിച്ച യുവാക്കൾ 19 ബാങ്കുകളിലെ ഇവരുടേത് ഉൾപ്പെടെ 54 അക്കൗണ്ടുകളിലേക്ക് തുക മാറ്റുകയും ചെയ്തു.
ക്രിപ്റ്റോയിലെ ബിനാൻസ് പ്‌ളാറ്റ്‌ഫോം വഴി പണം യു.എസ് ഡോളറാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയെപ്പറ്റിയും സൈബർ പൊലീസ് എസ്.ഐ എ.എ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്. പണം ചെലവഴിച്ച വഴികൾ കണ്ടെത്തി തിരിച്ചു പിടിക്കേണ്ടതുണ്ട്. യുവാക്കളുടെ കൈവശമുള്ളതും സുഹൃത്തുക്കൾക്ക് നൽകിയതുമായ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്. യുവാക്കൾ റിമാൻഡിലാണ്.
ഒരാളുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിലെ ഇടപാടുകൾക്ക് മറ്റൊരാളുടെ ഫോൺ നമ്പർ നൽകിയതിലെ ദുരൂഹതയും അന്വേഷിക്കും.
ക്രിപ്‌റ്റോ കറൻസി
സുരക്ഷ ഉറപ്പാക്കുന്നതും എൻക്രിപ്ഷൻ ഉപയോഗിക്കുന്നതുമായ ഡിജിറ്റൽ പണമാണ് ക്രിപ്റ്റോ കറൻസി. ക്രിപ്‌റ്റോ' (ഡേറ്റ എൻക്രിപ്ഷൻ), 'കറൻസി" (കൈമാറ്റ മാദ്ധ്യമം) എന്നിവയിൽ നിന്നാണ് ക്രിപ്‌റ്റോ കറൻസിയെന്ന വാക്കുണ്ടായത്. ഡിജിറ്റൽ (വെർച്വൽ) പണമായതിനാൽ ഇലക്‌ട്രോണിക് രൂപത്തിലേ നിലനിൽക്കൂ. സ്വകാര്യ കീ ഇല്ലാതെ ആർക്കും എടുക്കാനാകില്ല.