accident

അരിമ്പൂർ (തൃശൂർ) : ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് റിട്ട. പ്രൊഫസർ എൽത്തുരുത്ത് കപ്പേളയ്ക്ക് സമീപം പുളിക്കൽ വിൻസൺ (64), ഭാര്യ അരിമ്പൂർ ഗവ.യുപി സ്‌കൂൾ റിട്ട. അദ്ധ്യാപിക മേരി (60), വിൻസണിന്റെ സഹോദരൻ മണലൂർ പടിഞ്ഞാറ് രാജീവ് നഗറിൽ പുളിക്കൽ ജോസഫ് (68), ഇവരുടെ സഹോദരീ ഭർത്താവ് എറവ് കപ്പൽപള്ളിക്ക് സമീപം പൊറത്തൂർ പള്ളിക്കുന്നത്ത് തോമസ് (69) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എറവ് ടി.എഫ്.എം സ്‌കൂളിന് മുമ്പിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ റോഡിന്റെ മറുവശത്തേക്ക് കയറി തൃശൂരിൽ നിന്നും വാടാനപ്പിള്ളി ബീച്ചിലേക്ക് പോകുന്ന തരകൻസ് എന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം തൃശൂർ പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് പള്ളിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു എല്ലാവരും. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം നടത്തിയവർ കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രണ്ടുപേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിൻസണും മേരിയും മണലൂരിൽ നിന്ന് അടുത്തിടെയാണ് എൽത്തുരുത്തിൽ താമസം മാറ്റിയത്. കണ്ടശാംകടവ് സബ് തപാൽ ഓഫീസ് റിട്ട. ക്ലാർക്കാണ് മരിച്ച ജോസഫ്. ബാങ്ക് ഒഫ് ബറോഡ ഒളരി ബ്രാഞ്ച് റിട്ട. മാനേജറാണ് തോമസ്. വിൻസണിന്റെ മക്കൾ: ദീപ (കാനഡ), ദിവ്യ (ദുബായ്), ധന്യ (കാനഡ). മരുമക്കൾ: ഇസിദോർ, മോഹൻരാജ്, വിജോ. ജോസഫിന്റെ ഭാര്യ: മേരി. മക്കൾ: സിസ്റ്റർ എൽസ, ജസ്റ്റിൻ, ജാസ്മിൻ. മരുമക്കൾ: ഗിഫ്റ്റി, ജോസഫ്. തോമസിന്റെ ഭാര്യ: ലിസി. മക്കൾ: സിബിൽ, സിജിൽ. മരുമക്കൾ: നിമ്മി റോസ്, ലയ. സംസ്കാരം പിന്നീട്.