1
വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ചിത്രകാരി പാർവതി നായർ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: ഇടപാടുകാരുടെ ഊഷ്മള ബന്ധത്തിന്റെ ഹൃദയ സ്പർശിയായ കലണ്ടർ ഒരുക്കിയിരിക്കയാണ് വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം. തീയതികൾ മറിച്ചു നോക്കാനുള്ള ഒരു കലണ്ടർ എന്നതിലുപരി ഒരു കലാസൃഷ്ടി എന്ന നിലയിലാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. സംഘത്തിന്റെ ഇടപാടുകാരിൽ നിന്നും സ്വീകരിച്ച പെയിന്റിംഗുകൾ ഉൾപ്പെടുത്തിക്കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കലണ്ടർ. പുതുമയോടെയുള്ള വർണ്ണ കലണ്ടറുകൾ ഒരു വർഷം നിരവധി ചുവരുകൾക്ക് അലങ്കാരമാകും. സംഘത്തിന്റെ വളർച്ചയ്ക്ക് സഹായകരമായ ഇടപാടുകാരെ ചേർത്തുപിടിക്കാനുള്ള ഒരു അവസരം ഒരുക്കിയിരിക്കയാണ് സഹകരണ സംഘം. വടക്കാഞ്ചേരി സ്വദേശികളായ ഷസിയ ഇ.സലിം, അക്കു വടക്കാഞ്ചേരി, ഓട്ടുപാറ സ്വദേശി ഷെറിൻ പരീത്, അലി, മുള്ളൂർക്കര സ്വദേശിയായ അമൽഘോഷ്, എങ്കക്കാട് നിവാസികളായ ശിവാനി, വി.ജി. രമേഷ് കിഴുവേലി എന്നിവരാണ് ചിത്രങ്ങളുടെ രചന നിർവഹിച്ചിട്ടുള്ളത്. എങ്കക്കാട് നിറച്ചാർത്ത് ആർട്ട് ഫെസ്റ്റിവലിൽ വച്ച് പ്രശസ്ത ചിത്രകാരി പാർവതി നായർ കലണ്ടർ പ്രകാശനം ചെയ്തു. സംഘം പ്രസിഡന്റ് ബിബിൻ പി. ജോസഫ്, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. സുശീൽകുമാർ, ഭരണസമിതി അംഗം സി.വി. നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.