1
തെക്കുംകര പഞ്ചായത്തിൽ നടന്ന വാഴാനി കോറിഡോർ റോഡിന്റെ അവലോകന യോഗത്തിൽ മന്ത്രി കെ.രാജൻ പ്രസംഗിക്കുന്നു.

വടക്കാഞ്ചേരി: കിഫ്ബി ഫണ്ടുപയോഗിച്ച് പീച്ചി- വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമ്മാണം ആരംഭിക്കാൻ നടപടിയായതായി റവന്യൂ മന്ത്രി കെ. രാജൻ. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തെക്കുംകര പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുടിക്കോട് മുതൽ കരുമത്രവരെയാണ് ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുക. നിലവിലുള്ള റോഡ് കിഫ്ബി മാനദണ്ഡപ്രകാരം 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്. പഴക്കം ചെന്ന കലുങ്കുകൾ പുതുക്കി പണിയുന്നതിനും വീതിയില്ലാത്തവ ആവശ്യമുള്ള രീതിയിൽ വികസിപ്പിക്കുന്നതിനും കാനകൾ ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി പണിയുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 58.80 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി വകയിരുത്തിയിട്ടുള്ളത്. റോഡ് നിർമ്മാണത്തിനായി പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനും ഇലട്രിക് പോസ്റ്റുകൾ, ജല അതോറിറ്റി, ജലനിധി എന്നിവയുടെ പൈപ്പുകൾ മാറ്റുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ തെക്കുംകര, മാടക്കത്തറ എന്നീ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.